ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിലെ മെയിൻ റെയിൽവേ സ്റ്റേഷനാണ് മജെസ്റ്റിക് എന്നുവിളിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. റെയിൽവേ സ്റ്റേഷനടുത്ത് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ അങ്ങനെ വിളിച്ച് ആ പേര് കിട്ടി എന്നുമാത്രം.

നമ്മുടെ കഥാനായകൻ അവിടെ വന്നിറങ്ങുമ്പോൾ മനസ്സിൽ ഭയവും ഉള്ളിൽ പരിഭ്രമവും ആയിരുന്നു.
കാത്ത് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് വരുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയാൽ എന്ത് ചെയ്യും? അപ്പോയിൻമെൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും ” ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി” , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടിരുന്നു.
നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്.

എന്നാൽ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.
അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്.
അതുകൊണ്ട് താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്.
പുതിയതായി കിട്ടിയ ജോലിയാണ്.കൊള്ളാവുന്ന ഒരു ജോലി,വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്.
സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു.
എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു.”എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?”കൂട്ടുകാർ കളിയാക്കി.അങ്ങനെ ഇറങ്ങി തിരിച്ചതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല. അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിച്ചു കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു. ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്. ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,
“ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്”.

പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്. പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്”.
ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു വീടുകിട്ടി. രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്. തരക്കേടില്ല. വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു. ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ. ആൾ എക്സ്ട്രാ ഡീസന്റ്.,നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു.
സ്വാഭാവികമായി എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ ഭയവും ടെൻഷനും ഉണ്ട്. പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ.
വീടുകിട്ടി. ഇനി ഫർണിച്ചർ വാങ്ങണം . കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു. അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. ആരും സഹായിക്കാനില്ല. എല്ലാം സാവകാശം ചെയ്യാം. ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്. ഇനി എല്ലാം നാളെ എന്ന് വിചാരിച്ചു.
ഇന്ന് പുറത്ത് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ കണ്ടുപിടിക്കണം.
വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു. ഇതാരാണ് ,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല. പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
“എന്താ?”
“ഞാൻ ജോർജുകുട്ടി.”
“അതിന് ?”
“എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ.”
“എൻ്റെ കൂടെ?”
“അതെ താൻ ഒറ്റക്കല്ലേ “?”
“അതെ”.
“ഞാനും ഒറ്റക്കാണ് . അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?”
“അതിന് നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല “.
“സാരമില്ല.നിങ്ങൾ ആരാണെന്ന് എനിക്കറിയാം. ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല.”
“അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട”.
“എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്. ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല. ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം. ഏതായാലും താൻ വാടക കൊടുക്കണം. അപ്പോൾ ഞാൻ സേഫ് ആയി.”
ജോർജ്‌കുട്ടി അകത്തേക്ക് കയറി.”ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം”.
അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി. ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ,
“എവിടെയാണ് ജോലി ചെയ്യുന്നത്?”
“നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്. സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്.”
എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധങ്ങൾ എടുത്തുകൊണ്ടുവന്നു.
ആദ്യം ഒരു പാക്കറ്റ് തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു. വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്റ്ററിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു.
അടുത്ത പാക്കറ്റ് തുറന്നു.
ഒരു വലിയ എയർ ഗൺ ആയിരുന്നു അത്..അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല. ഒന്നും ചെയ്തില്ല.
അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്. കാണാൻ നല്ല ഭംഗിയുണ്ട്.,”സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്.”
അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,”ഒരു റൂം മുഴുവനും അതിനുവേണ്ടി……….”
“താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ.”

വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്.”ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?”.
“അത് ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും.”
എനിക്ക് തലകറങ്ങാൻ തുടങ്ങി.
അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു.
എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു.
അത് ഒരു പുസ്തകം ആയിരുന്നു,എന്നിട്ടു പറഞ്ഞു. ഞാൻ എന്നും കിടക്കുന്നതിന് മുൻപ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും. അത് എൻ്റെ ഒരു പതിവാണ്. അത് ഒരു ബൈബിൾ ആയിരുന്നു.
ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും. അത് കിറു കൃത്യം ആയിരിക്കും. ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം.
അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു.
പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,”ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്.”
എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി.
ഞാൻ പറഞ്ഞു,”വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ.”
ഞാൻ പുസ്തകം തുറന്നു.
“മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത്‌ അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വളയ്ക്കുകയില്ല.. പ്രഭാഷകൻ 22.,13 ,ഇപ്പോൾ എന്ത് തോന്നുന്നു?”
ജോർജ് കുട്ടി കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി.”ശരി ഞാൻ പോയേക്കാം.”
ഞാൻ പറഞ്ഞു,”താൻ ഇപ്പോൾ പോകുന്നില്ല.”
ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു.”ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്