ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ പൂജയും മറ്റുമായി ഉച്ചകഴിഞ്ഞാൽ സമയം കളയും.

“ആകെ ഒരു രസവും തോന്നുന്നില്ല .നമ്മൾക്ക് ചീട്ടുകളിച്ചാലോ?”ജോർജ്‌കുട്ടി ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?”
“ഒരു കാര്യം ചെയ്യാം അച്ചായൻെറ വീട്ടിൽ വരെ പോകാം.”
അച്ചായനും സെൽവരാജനും ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ഉസ്താദുമാരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടി
ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അയൽവക്കത്തുള്ള ചിക്ക ലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്. ഗൗഡ സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും. അയാൾ അതുകേട്ട് മാനം വരെ പൊങ്ങും.

സമയം ആറര കഴിഞ്ഞു, “ഏഴു മണിയാവുമ്പോൾ പവർകട്ട് ഇല്ലേ? അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ”. ഞാൻ ചോദിച്ചു.
” പതിവല്ലേ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ?”
” ഗൗഡരെ നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക് പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?”
” നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം”. എല്ലാവരും എന്നെ പിന്താങ്ങി.
“എന്താ ചെയ്യണ്ടത്?”ഗൗഡ.
പെട്ടെന്ന് ജോർജുകുട്ടി ഒരു ഐഡിയ കണ്ടുപിടിച്ചു “ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.”
ഗൗഡ വെറുതെ പൊട്ടനെ പോലെ ചിരിച്ചു.
ജോർജ്ജുകുട്ടി പറഞ്ഞു കൊടുത്തു,” നിങ്ങൾ കർണാടക ഗവർണറുടെ പി.എ. ആണ് എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ ഒരു പ്രോഗ്രാം ഉണ്ട്, രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കാൻ.”
ഗൗഡ ഒന്നും ആലോചിച്ചില്ല. ഉടനെ ഫോണെടുത്തു. ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു എന്നിട്ട് പറഞ്ഞു “,ഞാൻ ഗവർണറുടെ പി.എ.ആണ് നാഗരാജ്. ഇന്നിവിടെ ഗവർണറുടെ പ്രോഗ്രാം നടക്കുന്നുണ്ട് അതുകൊണ്ട് രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കാൻ പറയുക,അത്രമാത്രം.”
എഞ്ചിനീയർ പറഞ്ഞു, “അത് പറ്റില്ല ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ ഒരു മണിക്കൂർ പവർ കട്ട് .”
“അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല. ഇല്ലങ്കിൽ ഗുൽബർഗക്ക് പോകാൻ തയ്യാറായിക്കോ”.
കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ. ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.
ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു. 9.50 ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി,പേര് ബേബി.
അച്ചായൻ വെറുതെ പറഞ്ഞു,”ഈ ബേബിക്ക് ഒരു ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ. നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?”
“ഞാനെന്തു ചെയ്യാനാ?”.
“ഇവിടെ റെയ്‌സ് കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്ത് ഏതാനും വേക്കൻസികൾ ഒഴിവുണ്ട്. ശനിയും ഞായറും ടിക്കറ്റ് വിൽക്കുവാനും ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും 4 ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം. അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും. ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു.”അച്ചായൻ ഗൗഡരെ പൊക്കി.
“ഞാൻ എന്തു വേണം ?” ഗൗഡ.
“ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കൂ അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്.”
ഗൗഡ ടെലിഫോൺ എടുത്തു ,”ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ രാവിലെ 10:00 മണിക്ക് നിങ്ങളുടെ ഓഫീസിൽ വരും. അവന് ഒരു ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.”
” നിങ്ങളാരാണ്?”
” ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്,നാഗരാജ.”
അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം. ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്. അവർക്ക് ഒന്നും മനസ്സിലായില്ല.
ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.
ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,”നിങ്ങള് കേട്ടില്ലേ, അയാൾ പറഞ്ഞത്?ജോലി റെഡി. ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ..”
ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി, ഗൗഡ പറഞ്ഞു, ഏതായാലും പോകുന്നതല്ലേ, ഒരു ആറ് പാക്കറ്റ് ബിരിയാണികൂടി വാങ്ങിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ.”
ബേബി തപ്പിക്കളിക്കാൻ തുടങ്ങി. അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.
“കാശില്ലെങ്കിൽ ഞാൻ തരാം”, ഗൗഡ പോക്കറ്റിൽ കയ്യിട്ടു.
പക്ഷെ ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല. പോക്കറ്റിൻറെ ഭാഗത്ത് ഒരു തുള മാത്രം ഉണ്ട്.
ആരും അനങ്ങുന്നില്ല.
ഗൗഡ വിചാരിച്ചത് അയാൾ കാശുകൊടുക്കാം എന്നുപറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും എന്നാണ്.
അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,”ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക. “ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല, പവർ കട്ട് ആരംഭിച്ചിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി