ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻറെ ആദ്യത്തെ ജനറൽ ബോഡി നടക്കുകയാണ്. ഈ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു് നടത്തേണ്ട കലാപരിപാടികൾ എന്തൊക്കെ ആയിരിക്കണം എന്ന് തീരുമാനിക്കണം. ക്രിസ്തുമസ്സ് ,വിഷു,ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ അസോസിയേഷൻ എന്തെല്ലാം ചെയ്യണം? അങ്ങനെ ഒരു വർഷത്തെ പരിപാടികളും ബഡ്‌ജറ്റും എല്ലാം അടങ്ങിയ വിപുലമായ അജണ്ടയാണ് ചർച്ച ചെയ്യുവാനുള്ളത്.
ചർച്ച നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു, “എനിക്കൊരു കാര്യം പറയാനുണ്ട്.”
” തനിക്ക് കാര്യങ്ങൾ എന്തുവേണമെങ്കിലും പറയാം. പക്ഷേ കഥാപ്രസംഗത്തിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത്.”ജോർജ് കുട്ടി പറഞ്ഞു.
ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.
“ഇത് കഥാപ്രസംഗം അല്ല. മറ്റൊരു അടിയന്തര വിഷയമാണ് . പ്രവാസി മലയാളികളും മറുനാടൻ മലയാളികളും സാമൂഹ്യസേവന രംഗത്ത് വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നു ,കുടയില്ലാത്തവർക്ക് കുട വാങ്ങി കൊടുക്കുന്നു, പഠിക്കാൻ പുസ്തകങ്ങളില്ലാത്തവർക്ക് പുസ്തകം വാങ്ങി കൊടുക്കുന്നു. അങ്ങനെ സാമൂഹ്യ സേവനരംഗത്ത് അവർ വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. നമുക്ക് സാമൂഹ്യ സേവനം ചെയ്യണം.”
എല്ലാവരും രാധാകൃഷ്ണൻ്റെ അഭിപ്രായത്തോട് യോജിച്ചു. “എങ്കിൽ ഇനി എന്ത് ചെയ്യണം?എപ്പോൾ ചെയ്യണം ഇതെല്ലം തീരുമാനിക്കാം”.
സെൽവരാജ് പറഞ്ഞു, “പാലക്കാടുള്ള ഒരു കുടുംബത്തിൻ്റെ ദയനീയമായ അവസ്ഥ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. തട്ടുമ്പുറം സോമൻ എന്നൊരാളാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് ക്യാൻസർ, മകന് കിഡ്‌നി മാറ്റി വയ്ക്കണം, അച്ഛൻ തുച്ഛമായ വരുമാനമുള്ള കൂലിപ്പണിക്കാരൻ. സാമ്പത്തിക സഹായം ചോദിച്ചുകൊണ്ടുള്ള വളരെ ദയനീയമായ അവരുടെ അഭ്യർത്ഥന കാണുകയുണ്ടായി. മകൻ്റെ കിഡ്‌നി മാറ്റി വയ്ക്കാൻ പത്തുലക്ഷം രൂപ വേണം .”
“ഇങ്ങനെയുള്ള ഒരു കുടുംബത്തെ നമ്മൾ സഹായിക്കണം. പാലക്കാട് ആയതുകൊണ്ട് സെൽവരാജന് അന്വേഷിക്കാനും കഴിയും.”അച്ചായൻ അഭിപ്രായപ്പെട്ടു.
“ശരി നമുക്ക് ഒരു ഫണ്ട് പിരിവ് തുടങ്ങാം.”ജോർജ് കുട്ടി പറഞ്ഞു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.”ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ആദ്യ സംരംഭമാണ് . എല്ലാവരും നന്നായിട്ടു ഉത്സാഹിക്കണം”,സെക്രട്ടറി പറഞ്ഞു.
ഞങ്ങൾക്ക് അറിയാവുന്ന കടകളിലും ഷോപ്പുകളിലും പോയി ഫണ്ട് പിരിവ് ആരംഭിച്ചു. പരിചയക്കാരെ ബന്ധപെട്ടു. രണ്ടാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
“ഈ പൈസ സെൽവരാജനും അച്ചായനും കൂടി പാലക്കാട് പോയി അവരെ നേരിട്ട് ഏൽപ്പിക്കുന്നതാണ് നല്ലത്. “പൊതുയോഗം തീരുമാനിച്ചു.
അച്ചായൻ പറഞ്ഞു,”ഞങ്ങൾ പൈസ കൊടുക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കൊടുക്കണം. നമ്മളുടെ അസോസിയേഷൻ്റെ പേര് എല്ലാവരും അറിയണം.”
രണ്ടുപേരുംകൂടി അടുത്ത വീക്കെൻഡ് പാലക്കാട് പോയി. തട്ടും പുറം സോമനേയും മകനെയും കണ്ടു കാശു കൊടുക്കാൻ തീരുമാനിച്ചു.
അച്ചായനെയും സെൽവരാജനെയും യാത്ര അയക്കാൻ ഭാരവാഹികൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ പോയി.
ട്രെയിനിൽ കയറിക്കഴിഞ്ഞു സെൽവരാജ് പറഞ്ഞു,”പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ വരുമ്പോൾ ആരും അസൂയപ്പെടരുത്,നമ്മളുടെ അസ്സോസിയേഷൻ്റെ പ്രശസ്തിക്ക് നമ്മൾ അല്പം ത്യാഗം സഹിക്കണം.”അവർ യാത്രയായി.
രാവിലെ ജോർജ് കുട്ടി ആരോടോ ഉറക്കെ സംസാരിക്കുന്നതുകേട്ടാണ് ഞാൻ എഴുന്നേറ്റത്. ജോർജ് കുട്ടി പറഞ്ഞു,”പൊളിഞ്ഞു,നമ്മുടെ പരിപാടികൾ. അച്ചായനെയും സെൽവരാജനേയും പോലീസ് അറസ്റ്റ് ചെയ്തു.അവരെ ഉടൻ പുറത്തിറക്കണം.എന്താ ചെയ്യുക?”
“എന്തുപറ്റി?
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തട്ടുമ്പുറം സോമനും മൂന്നുനാലുപേരും അച്ചായനെയും സെൽവരാജനേയും കാത്തുനിന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അവർ ഒരു സൈഡിലേക്ക് കൂട്ടികൊണ്ടുപോയി.
“കിഡ്‌നി മാറ്റിവെക്കണ്ട കുട്ടി എവിടെ?”അച്ചായൻ ചോദിച്ചു.
“അത് ഞങ്ങൾ മാറ്റി വച്ചോളാം .നിങ്ങൾ പിരിച്ചെടുത്ത കാശുതന്നിട്ട് പൊയ്ക്കോളൂ”
“അത് പറ്റില്ല.ഞങ്ങൾക്ക് കുട്ടിയെ കാണണം:” അച്ചായൻ പറഞ്ഞു.
“ഞങ്ങളുടെ പേരിൽ പണം പിരിച്ചിട്ടു ന്യായം പറയാതെ കാശു തന്നിട്ട് പോടാ”.എന്നായി തട്ടുമ്പുറം സോമനും ശിങ്കിടികളും.
അച്ചായന് ഒരു ബുദ്ധി തോന്നി , “ബാങ്കിൽ പോയി ക്യാഷ് എടുക്കണം.”
ബഹളം കേട്ട് രണ്ട് പോലീസ്‌കാർ അവിടേക്ക് വന്ന്.”എന്താ പ്രശനം?”
അച്ചായൻ എല്ലാം വിവരിച്ചു പറഞ്ഞു.പോലീസുകാരൻ പറഞ്ഞു,”നിങ്ങൾ ഇവരുടെ പേരിൽ കാശു പിരിച്ചോ?”
“പിരിച്ചു.”
“എങ്കിൽ പിരിച്ച കാശു കൊടുത്തേക്ക്.”
പോലീസുകാർ അവരുടെ ആളുകളാണ് എന്ന് മനസ്സിലായി. അവർ അച്ചായനെയും സെൽവരാജനെയും തപ്പി അവരുടെ ബാഗിൽ നിന്നും ക്യാഷ് പിടിച്ചെടുത്തു. അതെ സമയം കാഴ്ചക്കാരായി ആളുകൾ അവർക്കുചുറ്റും തടിച്ചുകൂടി.ആരൊക്കെയോ മൊബൈലിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു.
അച്ചായനും സെൽവരാജനും ബഹളം വച്ചപ്പോൾ പോലീസുകാർ അവരെ അറസ്റ്റു ചെയ്തു.ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്.
“അവരെ എങ്ങനെ പുറത്തിറക്കും?ഒരുപിടിയും കിട്ടുന്നില്ല.”എന്തെങ്കിലും ഒന്ന് പറയ്”.ജോർജ് കുട്ടി അകെ അസ്വസ്ഥനായി.
ഞാൻ പറഞ്ഞു,നമ്മുക്ക് ഒരു കാര്യം ചെയ്യാം. നമ്മടെ ഗൗഡയെ പോയി കണ്ടാലോ?”:
“അയാൾ എന്ത് ചെയ്യാനാണ്?”
“വരൂ,നോക്കാം.”ഞങ്ങൾ രാവിലെ ഗൗഡയുടെ വീട്ടിൽ എത്തി,വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഗൗഡ ഒരു ചോദ്യം,”ഞാനെന്തു ചെയ്യാനാണ്?”
“ഇത്രയും സമയം നിങ്ങൾ മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ് എന്നുപറയുക.”
ഗൗഡ ഉഷാറായി. ഗൗഡ ഫോൺ എടുത്തു. ഞാൻ സംഘടിപ്പിച്ച ടെലിഫോൺ നമ്പർ ഗൗഡക്ക് കൊടുത്തു.
“ഞാൻ കർണാടക മുഖ്യമന്ത്രിയാണ്. എനിക്ക് ആഭ്യന്തര മന്ത്രിയുമായി ഉടൻ സംസാരിക്കണം.”
കേരള ആഭ്യന്തരമന്ത്രിയുടെ പി.എ. ഉടൻ മന്ത്രിയ്ക്ക് കണക്‌ട് ചെയ്തു.
“ഞാൻ കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നു. എൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേരെ പാലക്കാട് പോലീസ് അന്യായമായി തടഞ്ഞു വച്ചിരിക്കുന്നു. അവരെ ഉടൻ വിട്ടയക്കണം. അല്ലെങ്കിൽ ഇവിടെയുള്ള മലയാളികൾ എല്ലാത്തിനേം തിരിച്ചുവിടാനുള്ള പണി എനിക്കറിയാം.അതിൻറെ ആവശ്യമുണ്ടോ എന്ന് ആലോചിക്കുക. എനിക്ക് ഉടൻ മറുപടികിട്ടണം.”
ഗൗഡ വിശദീകരിച്ചു,”അറസ്റ്റു ചെയ്യപ്പെട്ടവർ മലയാളികളാണെങ്കിലും തൻ്റെ സ്ഥാപനത്തിലെ പ്രധാന ജോലിക്കാർ ആണ്.ഇത് കേരളവും കർണാടകയും തമ്മിലുള്ള പ്രശനമായി വളരാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.”
“ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒന്നുകൂടെ വിളിക്കൂ സാർ. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.”
ഗൗഡ നല്ല ഗൗരവത്തിൽ ഇരിക്കുകയാണ്. ശരിക്കും ചീഫ് മിനിസ്റ്റർ തന്നെ. കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞു ഗൗഡ വിളിച്ചു.
അപ്പുറത്തുനിന്നും എന്തോ വിശദീകരണം കേട്ടു..
” ഓക്കേ താങ്ക്സ്.”ഗൗഡ ഫോൺ വച്ചു . ഞങ്ങളെ ഗൗരവത്തിൽ നോക്കി.കർണാടക മുഖ്യമന്ത്രിയുടെ പ്രേതം ഗൗഡയെ ബാധിച്ചിരിക്കുന്നു.
“പോലീസ് അവരെ വിട്ടയച്ചു. അവരിൽ നിന്നും പിടിച്ചെടുത്ത കാശും തിരിച്ചുകൊടുത്തു”. ഗൗഡ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞങ്ങളുടെ അസോസിയേഷൻ്റെ വക ബിരിയാണി ഗൗഡക്ക്.”ഞാൻ പറഞ്ഞു.
“അപ്പോൾ ബോട്ടിലോ?”
” അത് ഇൻക്ലൂസിവ് അല്ലെ”
“അങ്ങനെ ഗൗഡക്ക് മാത്രം ബിരിയാണി വേണ്ട. അസോസിയേഷൻ ഭാരവാഹികൾക്ക് എല്ലാവർക്കും ബിരിയാണി ,ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ?”.
ആ നിർദ്ദേശം ഏക കണ്ഠമായി പാസ്സാക്കി.
ഫണ്ട് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തിയ സെൽവരാജുനും ജോസഫ് അച്ചായനും ഒരു സ്വീകരണം കൊടുക്കുവാൻ ഞങ്ങളുടെ അസോസിയേഷൻ തീരുമാനിച്ചു .
പതിവുപോലെ ജോർജ്ജുകുട്ടി സ്വാഗത പ്രസംഗം നടത്തി .അതിനുശേഷം കൊല്ലം രാധാകൃഷ്ണൻ ജോസഫ് അച്ചായനേയും സെൽവരാജിനെയും പൊന്നാട അണിയിച്ചു.
“സുഹൃത്തുക്കളെ നമ്മളിൽ നിന്നും സാമൂഹ്യ സേവനത്തിനു വേണ്ടി വേർപിരിഞ്ഞുപോയ അച്ചായനും സെൽവരാജനും തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ചോദിക്കുകയാണ് സാമൂഹ്യ സേവനം സാമൂഹിക സേവനം എന്ന് പറഞ്ഞു നമ്മൾ പത്രത്തിൽ കാണുന്ന വാർത്തയുടെ പുറകെ നടക്കേണ്ടത് ഉണ്ടോ? ഇത് നമുക്ക് നല്ലൊരു ഉദാഹരണമാണ്. നമ്മൾ മറുനാടൻ മലയാളികൾ ഇതിൽ നിന്നും ഒരു പാഠം പഠിക്കേണ്ടതുണ്ട് .ഈ അവസരത്തിൽ ഞാൻ എൻറെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമിക്കുകയാണ് . അത് നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ, അതൊരു കഥാപ്രസംഗത്തിനുള്ള വിഷയം ആയതുകൊണ്ട് ഞാനിപ്പോൾ സൂചിപ്പിക്കുന്നില്ല .
ഈ അവസരത്തിൽ നമ്മളെ സഹായിച്ച കർണാടക മുഖ്യമന്ത്രി ആയി അഭിനയിച്ച നമ്മുടെ ഗൗഡയെ ഓർമ്മിക്കാതെ ഇരിക്കാൻ കഴിയില്ല . ഭാവിയിലും അദ്ദേഹത്തിൻറെ സേവനങ്ങൾ നമുക്ക് ആവശ്യമായിവരും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുവാൻ നമ്മൾ മറന്നു പോകരുത്.
എല്ലാവർക്കും നന്ദി നമസ്കാരം.
(തുടരും)
Leave a Reply