ജോൺ കുറിഞ്ഞിരപ്പള്ളി

ഇലക്ഷൻ പ്രചരണവും അച്ചായനും സെൽവരാജനും സാമൂഹ്യസേവനത്തിന് പാലക്കാട് പോയതും അതിനെ തുടർന്ന് ഉണ്ടായ പ്രശനങ്ങളും എല്ലാം കൂടി രണ്ടാഴ്ച ഞങ്ങൾക്ക് വളരെ സംഭവബഹുലമായിരുന്നു. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണനും അയാളുടെ വാല് എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും ഒരു പുലിവാലും ആയി വരുന്നത്..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഞാനും ജോർജുകുട്ടിയും ഓരോ ചായയും കുടിച്ച് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
വീടിനു മുറ്റത്ത് ഒരു എസ്‌ഡി ബൈക്ക് വന്നു നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞു.
അത് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ആണന്നു വണ്ടിയുടെ ശബ്ദം കൊണ്ടുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ ബൈക്കിൽ ഒരാളും കൂടിയുണ്ട്. അത് ആരാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിഞ്ഞുകൂട. ഒറ്റനോട്ടത്തിൽ അറിയാം അയാൾ മലയാളിയല്ലഎന്ന്.
“ഇത് ആരാ രാധാകൃഷ്ണൻ,കൂടെയുള്ള ആൾ?”ഞാൻ ചോദിച്ചു. ആ മനുഷ്യൻ ഞങ്ങളെ ദയനീയമായി നോക്കി,എന്തോ തെലുങ്കിൽ പറയുന്നുണ്ട്.
രാധാകൃഷ്ണൻ പറഞ്ഞു,” ഇയാളെ വഴിയിൽ വച്ച് കണ്ടതാണ്. പാവം നടക്കാൻ വയ്യ, നട്ടെല്ലിന് ആണ് തകരാർ എന്ന് തോന്നുന്നു. കാര്യമായ ചികിത്സ ആവശ്യമാണ് . നമുക്ക് ഫണ്ട് ഉണ്ടല്ലോ. അങ്ങനെ കൂട്ടിക്കൊണ്ടുവന്നതാണ്.”
“നിങ്ങൾ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.”. ഞാൻ ചോദിച്ചു,
” നമ്മുടെ സോഷ്യൽ സർവീസ് ഫണ്ടിൽ രണ്ട് ലക്ഷം രൂപ ഉണ്ടല്ലോ. അതിൽനിന്നും ഇയാൾക്ക് ഒരു 5000 രൂപ കൊടുക്ക്. അയാളുടെ നട്ടെല്ലിന് എന്തോ തകരാറുണ്ട്. ശരിക്കും നടക്കാൻ പറ്റുന്നില്ല. പാവം പോയി ചികിത്സിക്കട്ടെ. ഇങ്ങനെയുള്ളവരെ അല്ലേ നമ്മൾ സഹായിക്കേണ്ടത്? നമ്മൾ സാമൂഹ്യ-സേവനം ചെയ്യേണ്ടത്?”
ഈ മനുഷ്യൻ എന്ത് കഥയില്ലായ്മ ആണ് പറയുന്നത് എന്ന് വിചാരിച്ച് ഞാനും ജോർജുകുട്ടിയും അമ്പരന്ന് രാധാകൃഷ്ണനെ അടിമുടി നോക്കി
“ഇതെന്താ നിങ്ങളു മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത്? സാമൂഹ്യ സേവനം നമ്മുടെ സംഘടനയുടെ ലക്ഷ്യം ആണല്ലോ. ഈ പാവത്തിന് ഒരു 5000 രൂപ കൊടുക്ക്. എല്ലാ മറുനാടൻ പ്രവാസി സംഘടനകളും ചെയ്യുന്നതാണ് സാമൂഹ്യസേവനം”.
ഞാൻ ചോദിച്ചു ” രാധാകൃഷ്ണൻ കുറേസമയം ആയിട്ട് അയാളുടെ നട്ടെല്ലിന് തകരാറുണ്ട് എന്ന് പറയുന്നുണ്ടല്ലോ. ആരു പറഞ്ഞതാണ് അയാളുടെ നട്ടെല്ലിന് തകരാറുണ്ടെന്ന്.?”
“അതെനിക്കറിയാം, ഞാൻ ഒരു പുസ്തകം വായിച്ച് കിട്ടിയ അറിവാണ്. പിന്നെ യു ട്യൂബിലും കണ്ടു, ഡോക്ടർ അനന്തപത്മനാഭൻറെ പ്രഭാഷണം. അദ്ദേഹം അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകൻ ആണ്. അദ്ദേഹം പറയുന്നുണ്ട് ഇതുപോലെ നടക്കുന്നവരുടെ നട്ടെല്ലിന് തകരാറുണ്ട്, എന്ന്.”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മിയും അവളുടെ അമ്മയും അടുത്തേക്കുവന്നു. തമിഴ്, കന്നട, തെലുങ്ക് എല്ലാം അക്ക നന്നായി സംസാരിക്കും.
” എന്നാ അങ്കിളേ പിച്ചക്കാരനെ കൂട്ടി വന്നിരിക്കുന്നത്?”എട്ടു വയസ്സുള്ള കൊച്ചുകുട്ടിയാണ് ബൊമ്മി. അവളുടെ ചോദ്യമാണ്..
അക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനോട് എന്തോ ചോദിച്ചു. എന്നിട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,”അയാളെ വെറുതെ വിട്.”
രാധാകൃഷ്ണൻ പറഞ്ഞു,”പറ്റില്ല. സാമൂഹ്യ സേവനം സോഷ്യൽ സർവീസ് എന്നെല്ലാം പറഞ്ഞു കാശുപിരിച്ചിട്ട് അങ്ങനെ വെറുതെ പറഞ്ഞു വിടണോ. പറ്റില്ല”
“അതിന് അയാൾക്ക് ഒരു കുഴപ്പവും ഇല്ല.അയാളുടെ ചെരുപ്പിൻറെ വള്ളി പൊട്ടി പോയതുകൊണ്ട് അയാൾ അങ്ങനെ നടന്നതാണ്. ഒരു കുഴപ്പവുമില്ല ”
“അത് റിപ്പയർ ചെയ്യിക്കാൻ റോഡരുകിലിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയതാണ്. അപ്പോൾ ഇവർ എന്നെ ബലമായി പിടിച്ചുകൊണ്ടുവന്നതാണ്”. അയാൾ പറഞ്ഞു.
രധാകൃഷ്ണൻ പറഞ്ഞു, “ഇക്കാലത്ത് മനുഷ്യർക്ക് ഗുണം വരുന്നതൊന്നും ചെയ്യാൻ പാടില്ല.”.
ഉടനെ ഗോപാലകൃഷ്ണൻ പറഞ്ഞു,”സാരമില്ല, നമ്മളുടെ കഥാപ്രസംഗത്തിന് ഒരു പുതിയ വിഷയം ആയി.”
ജോർജ്‌കുട്ടി ഉടനെ ചോദിച്ചു ,”എന്തായിരിക്കും കഥയുടെ പേര്?”
“നട്ടെല്ല് ഇല്ലാത്ത…..”
പ്രസിഡന്റിന് ഇടപെടാതിരിക്കാൻ കഴിയില്ല,”പൊട്ടൻ കണ്ട പൂവ്,എന്നാക്കിയാലോ?”
“മതി മതി..”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
രാധാകൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത് പോകാൻ തുടങ്ങി.ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾ കൊണ്ടുവന്ന ഈ സാധനംകൂടി എടുത്തോണ്ട് പോ”:
“ഏതു സാധനം? ”
ജോർജ് കുട്ടി അവർ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനുനേരെ വിരൽ ചൂണ്ടി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി