ജോൺ കുറിഞ്ഞിരപ്പള്ളി
ജോലികഴിഞ്ഞു തിരിച്ചുവരുമ്പോൾ വഴിക്കുവച്ച് ജോർജ്‌കുട്ടി പറഞ്ഞു,”നമ്മളുടെ ഹുസൈൻ്റെ നിക്കാഹ് ഉറപ്പിച്ചു,താനറിഞ്ഞില്ലേ?”
“പിന്നെ ,എൻ്റെ അനുവാദം വാങ്ങിയിട്ടല്ലേ ഉറപ്പിച്ചത്. പക്ഷെ,തിരക്കുകാരണം ഞാൻ തീയതി മറന്നുപോയി. എന്നാണ് നിക്കാഹ് എന്ന് പറ,”
” ഓ,കോമഡി,പ്രായത്തിൽ നമ്മളെല്ലാവരേക്കാൾ പ്രായം കുറഞ്ഞവൻ ,പിന്നെ നമ്മുടെ കാഥികനെ കാണുമ്പോഴാണ് ഒരാശ്വാസം. ഹുസൈൻറെ നിക്കാഹിന് എന്താ സമ്മാനം കൊടുക്കുന്നത്?”
“ഞാൻ എൻ്റെ പേരിലുള്ള എസ്റ്റേറ്റിൽ നിന്നും ഒരു രണ്ടേക്കർ സ്ഥലം എഴുതിക്കൊടുക്കും.പാവം ജീവിച്ചുപോകട്ടെ.”
“അങ്ങനെയാണെങ്കിൽ ഞാൻ മജെസ്റ്റിക് തീയേറ്റർ അവരുടെ പേരിൽ എഴുതിക്കൊടുക്കും.”ജോർജ് കുട്ടിയും തീരുമാനിച്ചു.”ഇന്ന് വൈകുന്നേരം ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസ്സോസിയേഷൻ്റെ ഒരു അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചാലോ?എന്താ തൻറെ അഭിപ്രായം?”
“എന്തിനാ?കല്യാണം നടത്താനും അസോസിയേഷൻ്റെ സഹായം വേണോ?”
“അറിഞ്ഞ വിവരങ്ങൾ മറ്റുള്ളവരെകൂടി അറിയിക്കേണ്ട ധാർമ്മികമായ ഒരു കടപ്പാടില്ലേ?”
ഞങ്ങൾ ഇങ്ങനെ പരസ്പരം പാരവെച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മി ഞങ്ങളുടെ അടുത്ത് വന്നു, ഒരു കടലാസു കഷണം ജോർജ് കുട്ടിയുടെ കയ്യിൽ കൊടുത്തു. ജോർജ് കുട്ടി അത് തുറന്നുനോക്കി. അത് ഹുസൈൻ എഴുതിയ ഒരു കത്തായിരുന്നു. അത്യാവശ്യം ആയി ഒന്ന് കാണാമോ എന്നുചോദിച്ചിരിക്കുന്നു.
ഞങ്ങൾ രണ്ടുപേരുംകൂടി ഹുസൈനെ അന്വേഷിച്ചു ചെന്നപ്പോൾ പ്രശ്നം അകെ കുഴഞ്ഞു മറിഞ്ഞിരുന്നു. ഹുസൈൻ മുതലാളിയുടെ കൂടെ കൂട്ടുപോയതാണ് , പെണ്ണുകാണാൻ. കാഴ്ചയ്ക്ക് തരക്കേടില്ലാത്ത ഹുസൈനെ കണ്ടപ്പോൾ പെണ്ണുപറഞ്ഞു, അവൾക്ക് ഹുസൈനെ മതി എന്ന്. മുതലാളി സമ്മതിക്കുമോ. അയാൾ യാതൊരുകാരണവും ഇല്ലാതെ ഹുസൈനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഇനി നിക്കാഹ് നടക്കുന്നത് കാണട്ടെ അയാൾ പറഞ്ഞു.
സംഗതി നിസ്സാരമല്ല. ഹുസൈന് ജോലിയില്ല, ഒരു ജോലി സംഘടിപ്പിച്ചുകൊടുക്കണം. ഹുസൈൻ്റെ മുതലാളിയെ പോയി കണ്ടിട്ടുകാര്യം ഇല്ല. അയാൾ നല്ല കലിപ്പിലാണ്. ജോർജ്‌കുട്ടി നേതൃത്വം ഏറ്റെടുത്തിട്ടു പറഞ്ഞു,”എന്തുവന്നാലും നമ്മൾ ഇത് നേരിടും. ഒരാഴ്‌ച്ചയ്ക്കകം ഹുസൈന് ഒരു ജോലി നമ്മൾ കണ്ടുപിടിക്കും.”
ഹുസൈൻ ജോലിചെയ്യുന്നത് ഒരു ചെറിയ പലചരക്ക് കടയിലാണ്. അവനും മുതലാളിയും മാത്രം . മുതലാളി എന്നുപറയുമെങ്കിലും ഒരു പാവം ചെറുപ്പക്കാരനാണ്.
അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി കൂടിയെങ്കിലും എന്തുചെയ്യണം എന്ന് ആർക്കും ഒരു ഊഹവും ഇല്ലായിരുന്നു. എന്തുചെയ്യണം എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതുവഴി വന്ന കോൺസ്റ്റബിൾ അപ്പണ്ണ ജോർജ് കുട്ടിയെക്കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ജോർജ്‌കുട്ടി ഒന്ന് കൂടിയാലോ? “അപ്പണ്ണ പറഞ്ഞു. കേട്ടപാതി ജോർജ്‌കുട്ടി പറഞ്ഞു,” ശരി പോകാം.”
.”ഞാനില്ല.”ഞാൻ പറഞ്ഞു.
കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു, കാശ് ഞാൻ കൊടുക്കും. പറ്റിക്കുന്ന പണി അപ്പണ്ണക്കില്ല.”
മനസ്സില്ല മനസോടെ ഞാൻ കൂടെ പോയി. രാധാകൃഷ്ണനോടും അച്ചായനോടും അപ്പണ്ണ പറഞ്ഞു,”വാ എല്ലാവരും നമ്മുക്ക് ഒത്തു കൂടാം.”.
എല്ലാവരും കൂടി വിനായക ബാറിലേക്ക് നീങ്ങി. ഓരോ പെഗ്ഗ് കഴിച്ചതേയുള്ളൂ അപ്പോൾ അപ്പണ്ണക്ക് ഒരു ഫോൺ കോൾ,”.ഉടനെ സ്റ്റേഷനിൽ എത്തണം.”.അപ്പണ്ണ പറഞ്ഞു,”എന്തോ സീരിയസ് വിഷയമാണ് എനിക്ക് പോകണം”.
അയാൾ ഇറങ്ങി സ്ഥാലം വിട്ടു.ജോർജ് കുട്ടിയും ഒപ്പം പോയി.
ഇനി ഒരു അടവ് ബാക്കിയുണ്ട്. ഞാൻ പറഞ്ഞു,”ജോർജ് കുട്ടി നിൽക്ക് ,വീടിന്റെ താക്കോൽ തന്നിട്ട് പോകൂ”.ഞാൻ ജോർജ് കുട്ടിയുടെ അടുത്തേക്ക് താക്കോൽ വാങ്ങാൻ എന്ന ഭാവത്തിൽ ഓടി. എന്നെ കണ്ട് അപ്പണ്ണ പറഞ്ഞു,”താനും രക്ഷപെട്ടു,അല്ലേ?ഞാൻ രാധാകൃഷ്ണന് ഒരു പണി കൊടുത്തതാണ്. അവൻ ഭയങ്കര പിശുക്കനാണ് അവൻറെ പിശുക്ക് മാറ്റി എടുക്കാൻ വേണ്ടി ഞാൻ വെറുതേ പറഞ്ഞതായിരുന്നു, സ്റ്റേഷനിലേക്ക് ചെല്ലണം എന്ന്.”
“ഞാനൊരു സിഗരറ്റ് വാങ്ങി വരട്ടെ എന്നു പറഞ്ഞു ഹുസൈൻ ജോലിക്ക് നിൽക്കുന്ന കടയിലേക്ക് അപ്പണ്ണ കയറി. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനും ജോർജുകുട്ടിയും കടയിലേക്ക് ചെന്നു.
ഞങ്ങൾ മൂന്നു പേരെയും കണ്ട ഉടനെ , കടക്കാരൻ പറഞ്ഞു,” സാറെ പറ്റിപ്പോയതാണ്, ക്ഷമിക്കണം. എനിക്ക് യാതൊരു വിരോധവുമില്ല ഹുസൈൻ ആ പെണ്ണിനെ നിക്കാഹ് കഴിച്ചോട്ടെ .” ഒന്നും മനസ്സിലാകാതെ അപ്പണ്ണ ,” ഇയാളെന്താ ജോർജൂട്ടി പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല.”
ജോർജ്കുട്ടിയെ നോക്കി കൈകൂപ്പിക്കൊണ്ട് കടക്കാരൻ പറഞ്ഞു, “തുപ്പാക്കി അണ്ണാ എന്നെ ഉപദ്രവിക്കരുത്.”ജോർജ് കുട്ടി എയർ ഗണ്ണും തോളിൽ വച്ച് നടക്കുന്നത് കണ്ടിട്ടുണ്ടാകും അയാൾ,ഞാൻ വിചാരിച്ചു.
ജോർജ് കുട്ടി നടന്ന സംഭവങ്ങൾ എല്ലാം വിശദമായി അപ്പണ്ണയ്ക്ക് പറഞ്ഞുകൊടുത്തു. മുതലാളിക്ക് പെണ്ണുകാണാൻ ഒന്നിച്ചു പോയതാണ്. പെണ്ണിന് ഹുസൈനെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് മുതലാളി ഹുസൈനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
” അതെങ്ങനെ ശരിയാവും?”
“സാർ ഞാൻ അയാളെ തിരിച്ചെടുക്കാം.ഹുസൈൻ ആ പെൺകുട്ടിയെ നിക്കാഹ് കഴിച്ചോട്ടെ. ഞാൻ അവനെ ജോലിയിൽ തിരിച്ചെടുക്കാം.”
ഇതെല്ലാം കേട്ടുനിന്ന ഹുസൈന് സഹിക്കാൻ കഴിഞ്ഞില്ല അവൻ പൊട്ടിക്കരഞ്ഞു,” ഇക്കാ വേണ്ട ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്നില്ല. ഇക്കയ്ക്ക് ആലോചിച്ച പെണ്ണിനെ ഇക്ക തന്നെ നിക്കാഹ് കഴിക്കണം. അതാണ് ശരിയായ രീതി.”
ഹുസൈൻ്റെ മുതലാളി പറഞ്ഞു ,”ഹുസൈൻ, വേണ്ട നീ എൻറെ അനുജനെ പോലെയാണ് നീ അവളെ നിക്കാഹ് ചെയ്ത് സുഖമായി ജീവിക്കൂ.”
“എനിക്ക് വേണ്ട, എനിക്ക് സാധിക്കില്ല”ഹുസൈൻ തറപ്പിച്ചുപറഞ്ഞു.
പെട്ടെന്ന് അപ്പണ്ണ ചോദിച്ചു നീ അവളെ വിവാഹം കഴിക്കുന്നില്ലേ?”
” ഇല്ല”. അവൻ പറഞ്ഞു
അപ്പണ്ണ ഹുസൈൻ്റെ മുതലാളിയുടെ നേരെ തിരിഞ്ഞു ,”താൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ.?”
” അല്ല.”
“നിങ്ങൾ രണ്ടുപേരും തയ്യാറല്ലെങ്കിൽ ജോർജ് കുട്ടി തയ്യാറാണോ?” ജോർജ്ജുകുട്ടി തലയിൽ ചൊറിഞ്ഞുകൊണ്ടു നില് ക്കുകയാണ്. അപ്പണ്ണ എൻറെ നേരെ തിരിഞ്ഞു ഞാൻ അടുത്ത കടയുടെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്റർ നോക്കി അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ നിൽക്കുകയാണ്.
“നിങ്ങൾ ആർക്കും വേണ്ടെങ്കിൽ ആപാവം കുട്ടിയെ വഴിയാധാരം ആക്കാൻ ഞാൻ സമ്മതിക്കില്ല..ഞാൻ…………”
(തുടരും)
Leave a Reply