ജോൺ കുറിഞ്ഞിരപ്പള്ളി

ശനിയാഴ്ച കാലത്തുണ്ടായ പ്രശ്നങ്ങൾമൂലം നായാട്ടിന് പോകാനുള്ള എല്ലാവരുടെയും മൂഡ് പോയിരുന്നു. നായാട്ടിനുപോകാൻ സെൽവരാജൻ ജോസെഫിനെയുംകൂട്ടി ഞായറാഴ്‌ച കാലത്തുതന്നെ വരാമെന്നും പറഞ്ഞുപോയി.
ജോസഫിനെ എല്ലാവരും അച്ചായൻ എന്നാണ് വിളിക്കുന്നത്. സെൽവരാജൻ മലയാളി ആണെങ്കിലും പാലക്കാട് രീതിയിൽ തമിഴും മലയാളവും ചേർത്ത് സംസാരിക്കുന്നതുകൊണ്ട് പാണ്ടി എന്ന് അവൻ കേൾക്കാതെ വിളിക്കും. അച്ചായൻ ചങ്ങനാശ്ശേരിക്കാരൻ ആണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇംഗ്ലീഷ് കമ്മിയാണ്. ജോലി കഴിഞ്ഞാൽ പ്രധാന ഹോബി ചീട്ടു കളിയാണ്. ഏതായാലും ഈ ടീമുമായി ഞങ്ങൾ വളരെ പെട്ടെന്ന് സൗഹാർദ്ദത്തിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച കാലത്തുതന്നെ സെൽവരാജനും അച്ചായനും എത്തി. ജോർജ് കുട്ടി എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു. എല്ലാവരും പോകാൻ റെഡി ആയി വന്നപ്പോൾ ജോർജ് കുട്ടി ഞങ്ങൾ എല്ലാവരോടുമായിട്ട് ഒരു ചോദ്യം ,”നിങ്ങളുടെ തൊപ്പി എവിടെ?”
“തൊപ്പി?”.
“നായാട്ടിനുപോകാൻ ചില ചട്ടവട്ടങ്ങളുണ്ട്.എല്ലാവരും തൊപ്പി ധരിക്കണം. അത് വെള്ള കളറുള്ളതായിരിക്കണം. ഇല്ലെങ്കിൽ ഞാൻ തരാം “പെട്ടിതുറന്നു നാലു വെള്ള നിറത്തിലുള്ള തൊപ്പികൾ എടുത്തു.
സെൽവരാജൻ പറഞ്ഞു,”ശരിയാ,വെള്ളത്തൊപ്പി തന്നെ വേണം. നമ്മൾ വെടി വയ്ക്കുന്ന കൊക്കിന്റെ നിറവും ആയി മാച്ച് ചെയ്യണം.”
” അപ്പോൾ വെടി വയ്ക്കുന്ന ആൾ കൊക്കാണ് എന്ന് വിചാരിച്ചിട്ട് നമ്മളുടെ തൊപ്പിക്കിട്ട് വെടി വച്ചാലോ?”അതാണ് അച്ചായന്റെ സംശയം.
“എങ്കിൽ വിധി എന്ന് സമാധാനിക്കുക”ജോർജ് കുട്ടി പറഞ്ഞു.
“ഇനി ഇറങ്ങുന്നതിനുമുമ്പ് നായാട്ടുകാരെ സംരക്ഷിക്കുന്ന ദേവനുണ്ട്. അദ്ദേഹത്തെ വണങ്ങണം.” ബാലരമയിലെ ശിക്കാരി ശംഭുവിൻറെ ഒരു പടം എൻലാർജ് ചെയ്തു വച്ചിരുന്നതിന്റെ മുൻപിൽ പോയി വണങ്ങി. ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി.
വൈറ്റെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലുകിലോമീറ്റർ ഹോസ്‌കോട്ടെ ഡയറക്ഷനിൽ ഉള്ളിലേക്കുപോയാൽ നെൽപ്പാടങ്ങൾ കാണാം”..
“ബാംഗ്ലൂരിൽ നെൽപാടങ്ങളോ ?”
“താൻ എൻ്റെ കൂടെ വാ ,കാണിച്ചുതരാം “.
അവിടെ ഇപ്പോൾ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ധാരാളം കൊക്കുകൾ കാണും. നമ്മൾ പോകുന്നു,വെടിവയ്ക്കുന്നു,എടുത്തുകൊണ്ട് വരുന്നു,.ഫ്രൈ ചെയ്യുന്നു. കാര്യം നിസ്സാരം. കേട്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും രസം പിടിച്ചു. ബാംഗ്ലൂരിൽ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ പണിയാണ്. അപ്പോഴാണ് നെൽകൃഷി.?അതായിരുന്നു എൻ്റെ മനസ്സിൽ.
എങ്കിലും ഞാനും സമ്മതിച്ചു.
ജോർജ് കുട്ടി തോക്കെടുത്തു. എല്ലാം ചെക്ക് ചെയ്തു. ഒരു 3 പെല്ലറ്റ് എടുത്തു തോക്കു മടക്കി ചവിട്ടികൂട്ടി അതിൽ നിറച്ചു. ഒരു വെള്ള തൊപ്പിയെടുത്തു തലയിൽ വച്ച് സൈക്കിൾ എടുത്തു റെഡി ആയി.
ഞങ്ങൾ എല്ലാവരും റെഡി.
ഞങ്ങൾ നാലുപേരും ശിക്കാരി ശംഭുവിനെ സ്‌മരിച്ച് സൈക്കിളിൽ കയറാൻ തുടങ്ങുമ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ,ഞങ്ങൾ സ്നേഹപൂർവ്വം അക്ക എന്ന് വിളിക്കുന്ന സ്ത്രീയും അവരുടെ ഇളയകുട്ടിയും അവിടേക്കുവന്നു.
“എവിടെ പോകുന്നു?”അവർ വെറുതെ ലോഹ്യം ചോദിച്ചു. ഹൗസ് ഓണറിന്റെ ഇളയകുട്ടി ബൊമ്മി ഒരു തനി കുസൃതികുട്ടിയാണ്. അവൾ ഞങ്ങളുടെ അടുത്തുവന്ന് അടിമുടി നോക്കി.
ഇതെന്താ അണ്ണാ,തോക്ക് കണ്ട് അവൾ ചോദിച്ചു.”തോക്ക്,തുപ്പാക്കി.”
“നിജമാ ,അങ്കിൾ എങ്കെ പോറെ ?”
“നായാട്ട്.”
“അതെന്ന?”
ജോർജ്കുട്ടി ആംഗ്യം കാണിച്ചു പറഞ്ഞു. ദാ ഇവിടെ ഞെക്കും ,പക്ഷി വെടികൊണ്ട് ചാകും. പിന്നെ ഫ്രൈ.
മലയാളം വളച്ചൊടിച്ചു തമിഴ് ആക്കി സംസാരിക്കുകയാണ്.
കൊച്ചിന് രസം പിടിച്ചു.
“ശരി വരുമ്പോൾ കാണാം. കാമോൺ ബോയ്‌സ്,സ്റ്റാർട്ട്.”
ജോർജ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയം പെൺകുട്ടി ജോർജുകുട്ടിയുടെ കയ്യിലിരുന്ന എയർ ഗണ്ണിന്റെ ട്രിഗർ വലിച്ചു.
തോക്കിൽ നിന്നും വെടി പൊട്ടി. സെൽവരാജൻ എന്റമ്മോ” എന്ന ഒരു നിലവിളി. ഞങ്ങൾ നോക്കിയപ്പോൾ സെൽവരാജന്റെ തൊപ്പി ആകാശത്തുകൂടി പറന്നു പോകുന്നു.
“അച്ചായാ ഒന്ന് നോക്കിക്കേ എൻെറ തലയിൽ തുള വീണിട്ടുണ്ടോന്ന്” സ്വെൽവരാജൻ പേടിച്ചു വിറച്ചു പോയി.
ഞങ്ങൾ ചിരിക്കണമോ കരായണമോ എന്ന് സംശയിക്കാൻ തുടങ്ങുമ്പോൾ അയൽവക്കത്തെ വീട്ടുമുറ്റത്തുനിന്നും നിലവിളി ഉയർന്നു.
ഹൗസ് ഓണറിന്റെ അനുജന്റെ നാലു വയസ്സുള്ള കുട്ടിക്ക് വലതുകൈയുടെ ഷോൾഡറിൽ വെടിയേറ്റു..അവിടെ നിന്ന് കൂട്ട നിലവിളി ഉയർന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി