ജോൺ കുറിഞ്ഞിരപ്പള്ളി
സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.”
ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരുകയായിരുന്നു. ഇത് വർഗീസ്,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്. പുള്ളിക്ക് ഒരു പ്രശ്നം.നിങ്ങൾ നാട്ടുകാരല്ലേ, ഒന്നു പരിചയപ്പെടാം എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.”
അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ് നിന്നു.
“ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം.”
“പ്രേമിച്ചോ. ഞങ്ങൾ ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ? ഇനി അത് കലക്കണോ? “ജോർജ് കുട്ടി ചോദിച്ചു.
“””””””ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പറയട്ടെ.”
വർഗീസിൻറെ പ്രേമഭാജനം കാണുമ്പോൾ ചിരിക്കും. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചാൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല. പിന്നെ ബുധനാഴ്ച ചിരിക്കും. അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?”.
“അത് ശരി. അത് വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ വാവ് വല്ലതും ആയിരിക്കും.”
“തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി. എന്തുചെയ്യണം എന്നറിയില്ല.”
“ഒരു കാര്യം ചെയ്യൂ ഞങ്ങൾക്ക് വിട്ടു തന്നേക്ക്. ഞങ്ങൾ ഒന്നു നോക്കട്ടെ.”
വർഗീസ് പറഞ്ഞു,”ചേട്ടാ ചതിക്കല്ലേ.”
“ഒരു കോളും കൊണ്ടുവന്നിരിക്കുന്നു. നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി. അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന് പണി തരുന്നുണ്ട്.”ഞാൻ പറഞ്ഞു.
“ഇവനെ നമ്മുക്ക് ഒഴിവാക്കാം ഈ കേസ് ഞാൻ അനേഷിക്കാം. എൻ്റെ നാട്ടുകാരനായിപ്പോയില്ലേ.”ഇവനെ ഒന്നിനും കൊള്ളില്ല.”
എന്നെ പതുക്കെ കണ്ണിറുക്കി കാണിച്ചു.
“ഒന്നരാടൻ പ്രേമം,എന്ന് പേരിട്ടു നമുക്ക് ഒരു സിനിമ പിടിക്കാം. സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ”. സെൽവരാജൻ.
“കേസ് വിശദമായിട്ടു പഠിക്കണം. അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല. ഒരു ചായയൊക്കെ കുടിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്. ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു. ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി.”
“നിങ്ങൾക്ക് പൂച്ചയുണ്ടോ?”
“ഞങ്ങൾക്കില്ല. അയൽവക്കത്തുകാർക്ക് ഉണ്ട്. പാവം പൂച്ചയല്ലേ എന്നു വിചാരിച്ചു കുടിക്കട്ടെ എന്ന് കരുതി.”
“അത് സാരമില്ല. നമുക്ക് ഹോട്ടലിൽ പോകാം”. വർഗീസ് പറഞ്ഞു.
ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. എല്ലാവർക്കും ചായയും മസാലദോശയും വർഗീസ് ഓർഡർ ചെയ്തു. ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”നമുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം.”
വർഗീസ് ബില്ല് പേ ചെയ്തു റെഡിയായി. ഞങ്ങൾ നടന്നു.
“അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്. എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പരിചയം കാണിക്കുന്നത്? ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും, എന്ന് ഞാൻ പറയുന്നില്ല. പക്ഷെ,ചാൻസ് ഉണ്ട്. “വർഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.
“ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി.”
“അടി ഒന്നും ആയിട്ടില്ല,വടി വെട്ടാൻ പോയിട്ടേയുള്ളു.”ജോർജ് കുട്ടി പറഞ്ഞു.
“അടിയുണ്ടാകും അല്ലെ. എന്നാൽ ഞാനില്ല”സെൽവരാജൻ.
“എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?”
“അത് ശരി. എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഇനി ചായ കുടിക്കുന്നുണ്ടോ?”
“എന്താ?”
“ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു “.
“വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്”. ജോർജ് കുട്ടി പറഞ്ഞു.
“ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?”.അച്ചായൻ.
“അത് ബൈബിളിലുള്ളതാ. ദിനകരനെ കോപ്പി അടിച്ചതാ, “ഞാൻ പറഞ്ഞു.
അച്ചായനെയും സെൽവരാജനേയും, വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഹോട്ടൽ മഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക, എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.
ഒരാഴ്‌ച്ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ് സ്പോൺസർ ചെയ്തു. കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും തന്നു. ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും സ്ഥലത്തെത്തി,ഒരു പുതിയ കഥയുമായി,പേര് ഒന്നരാടൻപ്രേമവും മസാല ദോശയും.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.
ഭാഗ്യം ഞങ്ങളെ തേടി വന്നു.
അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ് ഓണറിന്റെ മകളും വർഗീസിന്റെ പ്രേമഭാജനവും ഒന്നിച്ചു നടന്നു വരുന്നു. ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ. അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ കരുതിവന്നു. ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,”അണ്ണാ,ഈവനിംഗ് വാക്കിന് ഇറങ്ങിയതാണോ?”
“ഉം,ഇതാരാ ഒപ്പം?”
മരിയ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. അവൾ പറഞ്ഞു,”ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. ഇവള് ട്വിൻസാണ്,കൂടെയുള്ളത് ബെന്ന. അവൾക്കു നാളെയാണ് ക്‌ളാസ് ”
പ്രശ്നം പരിഹരിച്ചു. അത് ഇരട്ട കുട്ടികളാണ്. അതിൽ അന്നയാണ് വർഗീസിനെ കാണുമ്പോൾ ചിരിച്ചുകാണിക്കുന്നത്.
വിവരം അറിഞ്ഞ വർഗീസ്സ് .”കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?”
“ഏതായാലും തല്ലുകിട്ടും. പിന്നെയെന്തിനാ തിരിച്ചറിയുന്നത്?”സെൽവരാജന് അതാണ് സംശയം.
“അതിനു പണിയുണ്ട്.”
“എന്ത് പണി?” വർഗീസ്സ് .
“നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമുക്ക് ചർച്ചചെയ്യാം.” വർഗീസ്സ് സമ്മതിച്ചു.
സാധാരണ ഞാനും ജോർജ് കുട്ടിയും വൈകുന്നേരം ഒന്നിച്ചു ഭക്ഷണം തയ്യാറാക്കും. ജോർജ് കുട്ടിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒന്ന് സഹായിച്ചുക്കൊടുത്തൽ മതി. സെൽവരാജനും അച്ചായനും അങ്ങനെ തന്നെയാണ്. ചില ദിവസങ്ങളിൽ സെൽവരാജൻ നേരത്തെ എത്തും. അപ്പോൾ പുള്ളി ഒറ്റയ്ക്ക് എല്ലാം ചെയ്യും. ഇന്ന് സെൽവരാജൻ നേരത്തെ വന്നതുകൊണ്ട് അച്ചായൻ ചോദിച്ചു,”എല്ലാം റെഡിയല്ലേ സെൽവരാജാ ,എനിക്ക് വിശക്കുന്നു.”
സെൽവരാജന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.”എല്ലാം റെഡി “,അവൻ പറഞ്ഞു,
“എന്താ നീ ചെയ്തത്?”
“കുടിക്കാൻ പാഷാണം കലക്കി വച്ചിട്ടുണ്ട്.”
“ഓ എനിക്ക് അല്പം പണിയുണ്ട്. നീ കുടിച്ചിട്ട് കിടന്നോ. ഞാൻ വന്നേക്കാം.” എല്ലാവരും ചിരിച്ചു.
അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഓടി വന്നു.”അപ്പോൾ നമുക്ക് കഥ ആരംഭിക്കാം അല്ലെ? സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന കഥയുടെ പേര്,അന്നയും ബെന്നയും. അതാ അങ്ങോട്ട് നോക്കൂ, എന്താണ് നമ്മൾ കാണുന്നത്?”
” ഓടിക്കോടാ , നമ്മൾ കാണുന്നത് എല്ലാവരും ഓടി രക്ഷപ്പെടുന്നത്. “ഞങ്ങൾ എല്ലാവരും ഓടി. അപ്പോഴും രാധാകൃഷ്ണനും ഗോപാലകൃഷ്ണ്ണനും പാടുന്നു,മാമലകൾക്ക് അപ്പുറത്ത് ………….”
(തുടരും)
Leave a Reply