സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് നയതന്ത്ര തലത്തില്‍ കത്ത് നല്‍കി.
ബംഗ്ലാദേശിലെ കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. കലാപത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എഴുപത്തേഴുകാരിയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.
ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം.
ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ കൂടിയായ മുഹമ്മദ് യൂനുസ് നേരത്തെ ഷെയ്ഖ് ഹസീനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുവെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം.
Leave a Reply