മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്ലാറ്റിൽ നിന്നു നിർണായക തെളിവുകൾ ലഭിച്ചത്. അതീവ രഹസ്യമായായിരുന്നു പരിശോധന.

വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നുവെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ഇന്നലെ ലഭിച്ച തെളിവുകളെന്നാണു സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു പറയാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തിയപ്പോൾ അടച്ചിട്ടിരുന്ന ചില ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. ഇവയിൽ ചിലതിന്റെ താക്കോൽ സനുവിന്റെ കൈവശമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇവിടങ്ങളിൽ പരിശോധന നടത്തിയത്.

സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകർത്തായിരുന്നു പൊലീസും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച തെളിവുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ അന്തിമ നിർണയത്തിൽ എത്തുകയുള്ളു. വൈഗയുടെ മരണവുമായി ഇക്കാര്യങ്ങളെ ബന്ധിപ്പിക്കാനുള്ള കൂടുതൽ തെളിവുകളാണു പൊലീസ് തേടുന്നത്. വാടകക്കരാറില്ലാതെ ഏതാനും പേർ ഇവിടെ സമീപകാലത്തു തമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.