ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ നിലവിലെ പലിശ നിരക്കുകളുടെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തായിരിക്കും തീരുമാനിക്കുക? കഴിഞ്ഞ പ്രാവശ്യമാണ് വളരെ നാളുകൾക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 % നിന്ന് 5 ശതമാനമായി കുറച്ചത്. നിലവിൽ പണപ്പെരുപ്പം 2.2 ശതമാനമാണ് . ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്താത്ത സാഹചര്യത്തിൽ പലിശ നിരക്കുകളിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പണപ്പെരുപ്പം 2.2 ശതമാനമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ 5% പലിശ നിരക്ക് അതേപടി നിലനിർത്തുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ ഒരുപക്ഷേ അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ലോൺ ഉടമകൾക്ക് കൂടുതൽ സഹായകരമാകുന്ന പലിശ നിരക്ക് കുറയ്കൽ അടുത്ത നവംബറിലെ അവലോകന യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കൂട്ടുമോ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് . പലിശ നിരക്കുകൾ കുറയുന്നത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരുത്തും . ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം പലിശ നിരക്ക് 0.25% വെട്ടി കുറച്ചത് അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്കെങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് ഉണ്ടാകാൻ സഹായകരമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.