ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 14 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. തുടർച്ചയായി ഒൻപതാം തവണയാണ് ഇത്തരത്തിൽ ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുന്നത്. 3 ശതമാനത്തിൽ നിന്നും 3.5 ശതമാനത്തിലേക്കാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ഉയർത്തിയതിന് തുടർന്ന് ലോണുകൾ എടുത്തിട്ടുള്ളവർ കൂടുതൽ ബുദ്ധിമുട്ടിലാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വർഷം അവസാനം മുതൽ തന്നെ വിലക്കയറ്റം കുറയ്ക്കാൻ ശ്രമിച്ചുവരികയാണ്. അവശ്യ ഭക്ഷ്യ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ക്രമാതീതമായ വില വർദ്ധനവ് മൂലം പണപ്പെരുപ്പം കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. അടുത്തവർഷവും ഇതേ രീതിയിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഉയർന്ന പലിശനിരക്ക് ആളുകളുടെ ജീവിതത്തിൽ കടുത്ത സ്വാധീനം ചെലുത്തുമെന്നുള്ള ധാരണയുണ്ടെന്നും, എന്നാൽ ഇത്തരത്തിൽ പലിശ നിരക്ക് ഉയർത്തുന്നതിലൂടെ പണപ്പെരുപ്പം വേഗത്തിൽ കുറയ്ക്കാൻ കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. അടുത്ത വർഷം പകുതിയോടെ പണപ്പെരുപ്പം കുത്തനെ കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന വിലയുടെ ആഘാതം ബിസിനസുകളിലും ഉപഭോക്താക്കളിലും അനുഭവപ്പെടുന്നതിനാൽ യുകെ ഇതിനകം തന്നെ മാന്ദ്യത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച ഒരു ചുവടുവെപ്പ് തന്നെയാണ് ബാങ്ക് എടുത്തതെന്നാണ് വിലയിരുത്തൽ.