ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കെതിരെ അക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനം. ലോകത്തെമ്പാടും ഇത്തരം ആക്രമണങ്ങള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ മെഡിക്കല്‍ ജീവനക്കാരായ അനേകം പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗികളില്‍ നിന്ന് അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നവരും എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് പലപ്പോഴും ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും കഴിയാറില്ലെന്നതാണ് വാസ്തവം. സമീപകാലത്ത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളുടെ നിരക്കിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-17 കാലഘട്ടത്തില്‍ അക്രമനിരക്കില്‍ 10ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസ് ജേണലും യുണിസണും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ലോകത്ത് ആകെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മെഡിക്കല്‍ മേഖലയിലുള്ള ആളുകള്‍ക്കെതിരെ നടക്കുന്ന അക്രമനിരക്കില്‍ 8ശതമാനം മുതല്‍ 38 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തടവറകളിലെ വാര്‍ഡന്മാരെക്കാളും പോലീസുകാരെക്കാളും കൂടുതല്‍ അക്രമങ്ങള്‍ക്കിരയാവുന്നത് ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ സ്ത്രീ നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്നും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് വ്യക്തമാക്കുന്നു.

2015നു ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 959 ജീവനക്കാര്‍ കൊല്ലപ്പെടുകയും 1561 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും മാനസിക രോഗികളെയും ചികിത്സിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്ന് സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന പഠനം പറയുന്നു. അക്രമ വാസമ ഏറ്റവും കൂടിയ ആളുകളായിരിക്കും ഇവര്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇവരാല്‍ കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ട്. മാനസികമായി സ്വയം നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് ഇല്ലാത്തവരായതിനാലാണ് പ്രശ്‌നങ്ങളുണ്ടാക്കുന്ന
തെന്നും പഠനം പറയുന്നു.