ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ പലിശ നിരക്കായ 5 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അവലോകന യോഗത്തിൽ തീരുമാനത്തെ എട്ടു പേർ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തതായാണ് റിപ്പോർട്ടുകൾ.
പലിശ നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം നിലവിലില്ല എന്ന അഭിപ്രായമാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാർഷിക പണപെരുപ്പ നിരക്ക് മാറ്റമില്ലാതെ 2.2 ശതമാനത്തിൽ തുടരുന്നതാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്ക് ലക്ഷ്യം 2 ശതമാനമാണ്.
പ്രതീക്ഷിച്ച പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുന്നോട്ടാണെങ്കിൽ കാലക്രമേണ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധിക്കും എന്നും, എന്നാൽ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും മോണിറ്ററി കമ്മിറ്റിയുടെ അവലോകനത്തിനു ശേഷം പലിശ നിരക്ക് കുറയുന്ന വിഷയത്തെ പരാമർശിച്ച് ബെയ്‌ലി അഭിപ്രായപ്പെട്ടു . യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്കുകൾ അര ശതമാനം കുറച്ചിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന പോളിസി മീറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അരശതമാനം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
Leave a Reply