ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പലിശനിരക്ക് വീണ്ടും ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. യുകെയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നതിനെ തുടർന്നാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ പലിശനിരക്ക് കാൽ ശതമാനം ഉയർത്തി 4.25% ആയി വർധിച്ചു. അനിയന്ത്രിതമായി പണപ്പെരുപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ആഗോള ധനവിപണിയിൽ രണ്ടാഴ്ചക്കിടയിൽ തുടർച്ചയായിട്ടാണ് ഇപ്പോൾ പലിശ നിരക്ക് വർദ്ധിക്കുന്നത്. പലിശ വർദ്ധിപ്പിക്കാനുള്ള നീക്കത്തിനു ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യിൽ തുടർച്ചയായി 11-ാം തവണയും എഴിൽ രണ്ട് ഭൂരിപക്ഷത്തിനാണ് തീരുമാനം എടുത്തത്.
ഫെബ്രുവരിയിൽ യുകെയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 10.1% ൽ നിന്ന് 10.4% ആയി ഉയർന്നതിന് ശേഷമാണ് ഇപ്പോൾ നടപടി. ജീവിതചിലവുകളും അനിയന്ത്രതമായി വർദ്ധിക്കുകയാണ്. എന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ലക്ഷ്യം വെക്കുന്നത് 2% വർധനവാണ്. സമ്പദ്‌വ്യവസ്ഥയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ബാങ്ക് അവകാശപ്പെടുന്നു. മുൻപത്തെ പോലെ പ്രതിസന്ധി ഇനി ഉണ്ടാകാതിരിക്കാനാണ് അടിയന്തിര നടപടികളെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതിനിധികൾ വ്യക്തമാക്കി. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെ തുടർന്ന് അറ്റ്‌ലാന്റിക്കിലെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് വർധനയുമായി മുന്നോട്ട് നീങ്ങുകയാണ്.
അതേസമയം, യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി 4.75% മുതൽ 5% വരെയായി. കടമെടുപ്പ് കുറച്ചതും മറ്റ് നടപടികളും കൈകൊണ്ടതിനാൽ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായി നിലകൊള്ളുന്നുവെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ആഗോള ഊർജ വിലയിലെ ഇടിവുകൾക്കിടയിലും വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നത്.
Leave a Reply