സ്വന്തം ലേഖകൻ

വെയിൽസ് : മാർക്ക്സ് & സ്പെൻസർ എന്നിവയുൾപ്പെടെയുള്ളവർക്ക് ഇറച്ചി വിതരണം ചെയ്യുന്ന ചിക്കൻ ഫാക്ടറിയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. പ്രോസസ്സിംഗ് പ്ലാന്റിലെ തൊഴിലാളികളിൽ നാലിലൊന്ന് ആളുകൾ സെൽഫ് ഐസൊലേഷനിൽ ആണ്. നോർത്ത് വെയിൽ‌സിലെ ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് ഫാക്ടറിയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 13 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. 100ഓളം ആളുകളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതും അവരുടെ സഹപ്രവർത്തകർ കമ്പനിയിൽ നിന്ന് വിട്ടുനിൽക്കുന്നതും മറ്റു ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് യുണൈറ്റ് യൂണിയന്റെ റീജിയണൽ ഓഫീസർ പാഡി മക്നോട്ട് പറഞ്ഞു.

“ഇത് വളരെ ഭയപ്പെടുത്തുന്ന സമയമാണ്. ആളുകൾക്ക് ആശങ്കയുണ്ട്. എന്നാൽ കമ്പനിയെ കഴിയുന്നത്ര സുരക്ഷിതമായ അന്തരീക്ഷമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. സ്റ്റാഫുകളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.” മക്നോട്ട് പറഞ്ഞു. 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് ഫാക്ടറി ഉടമ കോവിഡ് കേസുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. യുകെയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽ‌പാദകരിൽ ഒന്നാണ് ഈ കമ്പനി. യുകെയിൽ ഉപയോഗിക്കുന്ന ചിക്കൻ ഉത്പന്നങ്ങളിൽ മൂന്നിലൊന്ന് ഭാഗം എല്ലാദിവസവും 2 സിസ്റ്റേഴ്സ് ഉല്പാദിപ്പിക്കുന്നതാണ്. ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് പ്ലാന്റിലെ കൊറോണ വൈറസ് കേസുകൾ ഒരു മുൻഗണന വിഷയമായി കൈകൊണ്ട് ആവശ്യമായ നടപടികൾ ചെയ്യുമെന്ന് ഐൽ ഓഫ് ആംഗ്‌ലെസി കൗണ്ടി കൗൺസിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.

 

“ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് എന്ന നിലയിൽ ഞങ്ങളുടെ പ്രധാന മുൻ‌ഗണന ജോലിസ്ഥലം സുരക്ഷിതമാക്കുകയും ലാൻ‌ഗെഫ്‌നിയിലെ എല്ലാ സഹപ്രവർത്തകരെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. കാരണം സൈറ്റിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഞങ്ങൾ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്നു.” 2 സിസ്റ്റേഴ്സ് വക്താവ് അറിയിച്ചു. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് മുതൽ സാമൂഹിക അകലം പാലിക്കൽ നിയമം കർശനമാക്കിയിട്ടുണ്ടെന്നും താപനില പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.