ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തത്കാലം ആശ്വസിക്കാം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ആറാഴ്ചത്തേക്ക് 5.25% തന്നെയായി തുടരുമെന്ന് പ്രഖ്യാപിച്ചു. യുകെയിലുടനീളമുള്ള ആളുകൾ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കടം, തൊഴിലില്ലായ്മ തുടങ്ങിയവയാൽ ബുദ്ധിമുട്ടുകയാണ്. ആ സമയത്തു ഇത്തരമൊരു തീരുമാനം ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. മോണിറ്ററി പോളിസി കമ്മറ്റിയിലെ ആറ് അംഗങ്ങൾ നിരക്ക് നിലനിർത്താൻ വോട്ട് ചെയ്തു. മൂന്ന് പേർ ഇത് വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം അനുസരിച്ചു ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കാൻ സർക്കാരിന് കഴിയണം. എന്നാൽ, 2% ലക്ഷ്യത്തിലേക്ക് മടങ്ങാൻ മുമ്പ് നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കും.
പണപ്പെരുപ്പം ഇപ്പോഴും വളരെ കൂടുതലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഊർജ വില വർധിപ്പിക്കുമെന്നും ബെയ്‌ലി മുന്നറിയിപ്പ് നൽകി. എനർജി പ്രൈസ് ക്യാപ് ജനുവരിയിൽ പ്രതീക്ഷിച്ചതിലും കുത്തനെ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് നേരിടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പലിശ നിരക്ക് നിലനിർത്തുന്നത് ആശ്വാസകരമാകും. വർഷാവസാനത്തോടെ യുകെ വളർച്ച കൈവരിക്കുമെന്നാണ് ഋഷി സുനകിന്റെ വാദം. പലിശ നിരക്ക് കുറയ്ക്കുന്നതിനെപറ്റി ഇപ്പോൾ ചിന്തിക്കാനാവില്ലെന്നും ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും ബാങ്ക് പറയുന്നു. സെപ്റ്റംബർ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ നിരക്കുകൾ ഉയർത്തിയിരുന്നു. കുടുംബ ബജറ്റ് താളംതെറ്റാൻ ഇത് കാരണമായി.
Leave a Reply