ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശനിയാഴ്ച ടെക്സസിലെ ഡാലസിനടുത്തുള്ള ഷോപ്പിംഗ് മാളിലുണ്ടായ കൂട്ട വെടിവയ്പ്പിൽ മരിച്ച എട്ട് പേരിൽ ഇന്ത്യക്കാരിയായ എഞ്ചിനീയറും. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. ഡാലസിലെ മക്കിന്നിയിൽ താമസിച്ചിരുന്ന ഇന്ത്യൻ എഞ്ചിനീയർ ഐശ്വര്യ താറ്റികൊണ്ടയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെടിവയ്പ്പ് നടക്കുമ്പോൾ 27 കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം അലൻ മാളിലായിരുന്നു. ഇവരുടെ സുഹൃത്തിനും വെടിവെയ്പ്പിൽ പരുക്കേറ്റിട്ടുണ്ട്.

തെലുങ്ക് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്തോടെ ഐശ്വര്യയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഐശ്വര്യയുടെ കുടുംബം ഇപ്പോൾ. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലാ കോടതി ജഡ്ജിയുടെ മകളാണ് ഐശ്വര്യ . ഹൈദരാബാദിലെ സരൂർ നഗറിലാണ് ഐശ്വര്യയുടെ കുടുംബം താമസിക്കുന്നത് . ഐശ്വര്യ 2018 ൽ ഇന്ത്യയിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2020 ൽ യുഎസിലെ ഈസ്റ്റേൺ മിഷിഗൺ സർവകലാശാലയിൽ നിന്ന് കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി, യുഎസ് തൊഴിൽ വിസയിൽ ഡാലസ് ആസ്ഥാനമായുള്ള കരാർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്.

വെടിവയ്‌പ്പിൽ ഐശ്വര്യയെ കൂടാതെ കൊറിയൻ വംശജരായ അമേരിക്കൻ പൗരന്മാരായ ചോ ക്യൂ സോങ് (37), കാങ് ഷിൻ യങ് (35) ഇവരുടെ മകൻ ജെയിംസ് ചോ (3), പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ ഡാനിയേല മെൻഡോസ സഹോദരി സോഫിയ, സെക്യൂരിറ്റി ഗാർഡായിരുന്ന ക്രിസ്റ്റ്യൻ ലാകോർ (20) എന്നിവരും കൊല്ലപ്പെട്ടു.