ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ വന്‍ തോതില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓരോ വര്‍ഷവും ഇത്തരക്കാരില്‍ നിന്ന് ബില്യന്‍ കണക്കിന് പൗണ്ടാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മറ്റു സേവനദാതാക്കളെ തേടാത്തവര്‍ക്കും വര്‍ഷങ്ങളോളം ഒരേ സേവനം ഉപയോഗിക്കുന്നവരും ചേര്‍ന്ന് ഒരു ദിവസം 11 മില്യന്‍ പൗണ്ടാണത്രേ നഷ്ടപ്പെടുത്തുന്നത്. സേവിംഗ്‌സ്, മോര്‍ഗേജുകള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുകയാണെന്ന് സിഎംഎ പറയുന്നു.

ഹോം ഇന്‍ഷുറന്‍സ് കമ്പനികളാണ് ഈ തട്ടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് സേവനദാതാക്കളെ മാറാത്തതു മൂലം 877 പൗണ്ടെങ്കിലും പ്രതിവര്‍ഷം നഷ്ടമാകുന്നുണ്ട്. കുടുംബങ്ങളുടെ ശരാശരി ചെലവിന്റെ മൂന്ന് ശതമാനത്തോളം വരും ഈ തുക. ഇത് വളരെ വലിയ തുകയാണെന്നും ഈ വിധത്തിലുള്ള ചൂഷണം ഇല്ലാതാക്കാന്‍ അടിയന്തരമായി നിയമ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിഎംഎ ആവശ്യപ്പെടുന്നു. ലോയല്‍റ്റി പെനാല്‍റ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചൂഷണത്തിലൂടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും 4.1 ബില്യന്‍ പൗണ്ട് നഷ്ടമാകുന്നുണ്ട്. ഇതിനെതിരെ ഭീമ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിറ്റിസണ്‍സ് അഡൈ്വസ്.

  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച്‌ ഉത്തരകൊറിയയും ദക്ഷിണകൊറിയയും

മോര്‍ഗേജ് മാര്‍ക്കറ്റില്‍ പത്തുലക്ഷത്തോളം ആളുകള്‍ ഈ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് 12 മില്യനു മേല്‍ വരും. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സിഎംഎ ആവശ്യപ്പെടുന്നു.