ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബ്രിട്ടനിലെ മോർട്ട്ഗേജ് മാർക്കറ്റിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ
വായ്പ നൽകുന്നവർ നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഈ മാസം 100,000-ത്തിലധികം കുടുംബങ്ങൾ സാമ്പത്തികമായ ഞെരുക്കത്തിലായിരിക്കുമെന്ന് റിപ്പോർട്ട്‌. രാജ്യത്തെ മൂന്നാമത്തെ വലിയ വായ്പാ ദാതാവായ സാന്റാൻഡർ, വാരാന്ത്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പിന്നാലെ ടി.എസ്.ബി അതിന്റെ എല്ലാ പത്തുവർഷത്തെ ഫിക്സഡ്-റേറ്റ് ഡീലുകളും വെള്ളിയാഴ്ച വെറും രണ്ടര മണിക്കൂർ നോട്ടീസ് നൽകി പിൻവലിച്ചു. കവൻട്രി ബിൽഡിംഗ് സൊസൈറ്റി അതിന്റെ രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ എല്ലാ ഡീലുകളും നാളെ വർദ്ധിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും മോശമായ പണപ്പെരുപ്പ കണക്കുകളാണ് ഈ നടപടിക്ക് കാരണം. ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിൽ 8.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. മോർട്ട്ഗേജ് വിപണിയിലെ ബുദ്ധിമുട്ടുകൾ, പണപ്പെരുപ്പം കുറയുമ്പോഴും, ബ്രിട്ടീഷുകാർക്ക് ജീവിതച്ചെലവ് കുറയുന്നില്ലെന്ന ആശങ്ക അനുദിനം വർധിക്കുകയാണ്. എന്നാൽ അതേസമയം, മോർട്ട്ഗേജ് ഡീലുകളുടെ എണ്ണം മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സാമ്പത്തിക ഡാറ്റാ അനലിസ്റ്റ് മണിഫാക്‌സ് പറയുന്നു. ശരാശരി രണ്ട് വർഷത്തെ ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഇതേ കാലയളവിൽ 5.34 ശതമാനത്തിൽ നിന്ന് 5.64 ശതമാനമായി ഉയർന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 200,000 പൗണ്ട് മോർട്ട്ഗേജിൽ തിരിച്ചടയ്ക്കുന്നതിന് പ്രതിവർഷം 444 പൗണ്ട് ചേർക്കുമെന്നും പുറത്ത് വന്ന കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

യുകെയിലെ ഏറ്റവും വലിയ 20 മോർട്ട്ഗേജ് ലെൻഡർമാരിൽ ഭൂരിഭാഗവും മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ഏകദേശം 116,000 കുടുംബങ്ങൾ ഈ മാസം ഫിക്സഡ് റേറ്റ് ഡീലുകളിൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമെന്നാണ്. ഇത് ഒരുപക്ഷെ, ജീവിതചിലവുകളെയും മറ്റ് വായ്പ തിരിച്ചടവുകളയും സാരമായി ബാധിക്കാനും ഇടയുണ്ട്.