ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണ ബാധ തടയാൻ സർക്കാർ രൂപീകരിച്ചിരിക്കുന്ന നിയമങ്ങൾ ജനങ്ങൾക്ക് അറിവില്ലാത്തത് വിഡ്ഢിത്തമാണെന്നും, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും, പിഴയും ഉണ്ടാകുമെന്ന് ബ്രിട്ടന്റെ മെട്രോപൊളിറ്റൻ പോലീസ് മേധാവി ക്രെസ്സിഡ ഡിക്ക് അറിയിച്ചു. കൊറോണ ബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ആളുകൾ നിയമംലംഘിച്ച് പലയിടത്തും വീടുകളിൽ പാർട്ടികൾ നടത്തുകയും മറ്റും ചെയ്യുന്നതായി പൊലീസിന് അറിവ് കിട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് പോലീസ് മേധാവി നൽകുന്നത്. പുറത്ത് സഞ്ചരിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

എന്നാൽ കോവിഡ് നിയമങ്ങൾ ലംഘിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഭവനത്തിൽ നിന്ന് ഏഴ് മൈൽ ദൂരെ സൈക്കിളിങ്‌ നടത്തിയത് വിവാദമായിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നിയമലംഘനം നടത്തിയിട്ടില്ലെന്നും, ഇത്തരത്തിൽ പ്രഭാതസവാരിയും മറ്റും അനുവദിച്ചിട്ടുള്ളത് ആണെന്നും പോലീസ് മേധാവി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും പ്രധാനമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചു. ജനങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് പ്രഭാതസവാരിയും മറ്റും നടത്താനുള്ള അനുമതി ഉണ്ടെന്ന് അവർ പറഞ്ഞു.

ഇംഗ്ലണ്ടിൻെറ തെക്കൻ ഭാഗങ്ങളിലും, വടക്കൻ ഭാഗങ്ങളിലും ആണ് ഇപ്പോൾ കൊറോണ ബാധ ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്. ചൈനയിലെ പോലെ തന്നെ കർശനനിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം പലഭാഗങ്ങളിൽനിന്നും ഉയർന്നുവരുന്നുണ്ട്. കോവിഡ് വാക്സിൻ ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.