ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നിന്നും ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച്. കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 14 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വേരുകള്ള ബ്രിട്ടീഷ് നടി ലൈല റൗസ് ആണ് ഒരു റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചത്. പത്ത് വയസുകാരിയായ മകള്‍ ഇനെസ് ഖാനൊപ്പം അവധി ആഘോഷിക്കാന്‍ ബാഴ്‌സലോണയില്‍ എത്തിയതായിരുന്നു ലൈല.

WhatsApp Image 2024-12-09 at 10.15.48 PM

ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ബാഴ്‌സിലോണയിലെ റാംബ്ലസ് മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അവര്‍ രക്ഷപെടുന്നതിനായി റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിക്കുകയായിരുന്നു. താന്‍ സാഹസികമായി രക്ഷപെട്ടതിനെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ഫ്രീസറില്‍ ഒളിച്ചു. എങ്ങും വെടിയൊച്ച മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ-താരം ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ലൈല റൗസ്. അവരുടെ അമ്മ ഇന്ത്യക്കാരിയാണ്. അച്ഛന്‍ മൊറോക്കോ പൗരനും. ഫുട്‌ബോളേഴ്‌സ് വൈവ്‌സ്, ഹോള്‍ബി സിറ്റി തുടങ്ങിയ പ്രശസ്ത ടെലിവിഷന്‍ പരമ്പരകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.