ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വ്യാജ പീഡന പരാതിയുമായി എത്തിയ യുവതി പിടിയിലായി. ഏഷ്യൻ ഗ്രൂമിംഗ് സംഘം ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ആരോപിച്ചു രംഗത്ത് വന്ന ബാരോ-ഇൻ-ഫർനെസിലെ എലീനർ വില്യംസ് (22) ആണ് ഒടുവിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020 മെയ് മാസത്തിൽ തന്നെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റ് വളരെ വേഗം തന്നെ ചർച്ചയായി. ഒരു ലക്ഷത്തിലധികം ആളുകൾ പോസ്റ്റ് ഷെയർ ചെയ്ത് പിന്തുണ അറിയിച്ചു രംഗത്ത് വന്നത് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി. എലീനറിന്റെ ജന്മനാട്ടിൽ ഇത് പലതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായി. ഒരു സ്ത്രീയെ ഒരുകൂട്ടം ആളുകൾ ചേർന്നു മർദ്ദിക്കുക എന്നത് ഗൗരവമായ പ്രശ്നമാണ്. എന്നാൽ അന്വേഷണങ്ങൾക്ക് ഒടുവിലാണ് കേസിലെ ചതി പുറത്തുവന്നത്. എലീനർ ചുറ്റിക ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മർദ്ദനം ഏൽപ്പിക്കുകയായിരുന്നു. പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വാദത്തിലായിരുന്നു എലീനറിന്റെ കുറ്റസമ്മതം.
സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റാനാണ് എലീനർ ശ്രമിച്ചതെന്നും, പലരുടെയും പേരിലെ ആരോപണങ്ങളിൽ വസ്തുതയുടെ കണികപോലുമില്ലെന്നും പ്രോസിക്യൂട്ടർ ജൊനാഥൻ സാൻഡിഫോർഡ് കെസി പറഞ്ഞു. തെളിവുകൾക്കായി കൃത്രിമ മെസ്സേജുകൾ നിർമിച്ചിരുന്നു എന്നുള്ള കണ്ടെത്തലാണ് കേസിൽ നിർണായകമായത്.
Leave a Reply