ഷിബു മാത്യൂ.
അച്ചായന്‍സ് ബീഫ് കറി, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ഡ്രാഗണ്‍ ചിക്കന്‍ മുതല്‍ സൗദി ഷാംപെയിന്‍ എന്ന സമ്മര്‍ ഡ്രിങ്കില്‍വരെ എത്തി നില്‍ക്കുന്ന ഇരുന്നൂറോറോളം റെസിപികളുടെ സമാഹാരം ‘ബാച്ചിലേഴ്‌സ് പാചകം’ എന്ന പേരില്‍ ലോകത്തിലെ തന്നെ പ്രമുഖ പബ്‌ളിക്കേഷന്‍സായ ഡിസി ബുക്‌സ് പുസ്തകമാക്കി ലോകത്തിന് സമര്‍പ്പിച്ചു. ഈ പുസ്തക സമാഹാരം ഇന്ന് ഡിസി ബുക്‌സിന്റ എല്ലാ സ്റ്റാളുകളിലും, പ്രമുഖ ഏയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ കേരളത്തിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.
ഇത് ഒരു ആമുഖം മാത്രമാണ്.

ഇത്, ബേസില്‍ ജോസഫ്. യുകെയിലെ ഇന്ത്യന്‍ രുചികളുടെ രാജാവ്. ഇരുന്നൂറോളം റെസിപികള്‍ സ്വന്തം. നാലു വര്‍ഷമായി വീക്കെന്റ് കുക്കിംഗ് എന്ന സ്ഥിരം പംക്തി മലയാളം യുകെ ന്യൂസില്‍. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ്, യുക്മ സില്‍വെര്‍സ്റ്റാര്‍ അവാര്‍ഡ്, അഥിനീയം റൈറ്റേഴ്‌സ് സൊസൈറ്റി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം സ്വന്തം.

കേരളത്തില്‍ കോട്ടയം ജില്ലയില്‍ കഞ്ഞിരപ്പള്ളിക്കടുത്തു ചെങ്ങളം എന്ന ഗ്രാമത്തില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ പുളിക്കല്‍ പി ജെ ജോസഫിന്റെയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി കുര്യന്റെയും മൂന്നാമത്തെ പുത്രന്‍ ബേസില്‍ ജോസഫ് പാചകകലയില്‍ മുമ്പിലെത്തിയതിന്റെ കഥയാണിത്. മകനെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആക്കണം എന്നതായിരുന്നു ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്റെ ആഗ്രഹം. ഒരദ്ധ്യാപകനെ സംബന്ധിച്ച് അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റുമില്ല !! മൂത്ത സഹോദരിമാരില്‍ ബ്ലെസി സുമിത് അദ്ധ്യാപനവും ബെല്‍സി മാര്‍ട്ടില്‍ നഴ്‌സിംഗ് മേഖലയും തിരഞ്ഞെടുത്തപ്പോള്‍ ബേസില്‍ ജോസഫ് ചെന്നെത്തിയത് രുചിയുടെ ലോകത്ത്.
ഭക്ഷണം കഴിക്കുന്നതിലാണ് അത് പാകം ചെയ്യുന്നതിനെക്കാള്‍ മലയാളിക്ക് കൂടുതല്‍ ഇഷ്ടം. പക്ഷേ, ബേസില്‍ ജോസഫിന് അങ്ങനെയല്ല. ഭക്ഷണം പാകം ചെയ്യുന്നതിലും അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും കഴിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയിലുമാണ് അദ്ദേഹത്തിന്റെ താല്പര്യം. സത്യം പറഞ്ഞാല്‍ എന്റെ കുടുംബത്തില്‍ ഈ മേഖലയില്‍ പഠനം നടത്തുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ഞാന്‍ മാത്രമാണ്. ബേസില്‍ പറയുന്നു. പ്രീഡിഗ്രി പഠനശേഷം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി എടുക്കുകയും പിന്നീട് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാവധാനം കുക്കിംഗ് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മേഖലയായി മാറുകയും ചെയ്തു. ഇതിനോടകം ബേസില്‍ മെനെഞ്ഞെടുത്തത് ഇരുന്നൂറോളം റെസിപികള്‍.

2006ല്‍ യുകെയിലെത്തിയ ബേസില്‍ വെയില്‍സിലെ ന്യൂ പോര്‍ട്ടിലാണ് താമസം. പാലാ മീനച്ചില്‍ ഓടക്കല്‍ കുടുംബാംഗമായ റോഷന്‍ ഫിലിപ്പാണ് ഭാര്യ. നേഹ ബേസില്‍ നോയല്‍ ബേസില്‍ എന്നിവര്‍ മക്കളാണ്.
വെല്‍ഷ് അസ്സംബ്ലി ഗവര്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ പ്ലസ് വെയില്‍സ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ വി ക്യൂ അസ്സസര്‍ ആയി ജോലി ചെയ്യുന്ന ബേസില്‍ പാചകത്തിന് പുതിയ മാനങ്ങള്‍ തേടുകയാണ്.

മലയാളം യുകെ ന്യൂസില്‍ കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ വീക്കെന്റ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്ന ബേസില്‍ ജോസഫ് മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി പാചക മേഖലയിലുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ പാചക പംക്തികള്‍ക്ക് പ്രവാസികളുടെ ഇടയിലാണ് കൂടുതല്‍ പ്രസക്തിയെന്നാണ് ബേസില്‍ ജോസഫിന്റെ വാദം. കാരണം നാട് വിട്ടു കഴിയുമ്പോഴാണ് പലരും ഒരു ചായ പോലും സ്വന്തമായി ഉണ്ടാക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. പിന്നെ ബാക്കിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! പിന്നീട് ഇക്കൂട്ടര്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍ പാചക പംക്തികളെയാണ്. 1998 മുതല്‍ പാചക മേഖലയില്‍ സജ്ജീവ സാന്നിധ്യമുള്ള ബേസില്‍ ഇതിനോടകം ഇന്ത്യ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലെ പല പ്രമുഖ ഹോട്ടലിലും ജോലി ചെയ്തിട്ടുണ്ട്.

ഓരോ ആഴ്ചയിലും ഓരോ പുതിയ വിഭവങ്ങള്‍. അതെങ്ങനെ സാധിക്കുന്നു എന്ന എന്റെ ചോദ്യത്തിന്? ഓരോ ആഴ്ചകള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഒരു പുതിയ വിഭവത്തിന് പിറവിയെടുക്കാന്‍ അതു തന്നെ ധാരാളം. ഉദാഹരണത്തിന് ഈ ആഴ്ച തന്നെയെടുക്കുക. കത്തോലിക്കാ സഭയുടെ വലിയ ആഴ്ചയാണ്. ‘ഇണ്ടറിയപ്പവും പാലും’ പരമ്പരാകതമായി പൂര്‍വ്വീകര്‍ ആചരിച്ചുപോരുന്ന ആദ്ധ്യാത്മിക ശുശ്രൂഷയിലെ പ്രധാന ഇനം. അതേ നൈപുണ്യത്തോടെ ഇതുണ്ടാക്കാന്‍ അറിയാവുന്നവര്‍ ആധുനിക തലമുറയില്‍ എത്ര പേര്‍ ഉണ്ടാവും? പുതിയ ഒരു ഇനമല്ലെങ്കില്‍പ്പോലും ഇണ്ടറിയപ്പവും പാലും ഉണ്ടാക്കുന്ന വിധം കഴിഞ്ഞ കാലങ്ങളില്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ? ഓരോ ആഴ്ചകളിലെ പ്രത്യേകതകളാണ് ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു വിഭവത്തേക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിക്കൂടിയാല്‍ അത് ഉണ്ടാക്കി തീരുന്നതുവരെ ഒരു മാസസ്സീകപിരിമുറുക്കമാണ്. ചിലപ്പോള്‍ ഉറക്കം പോലും കിട്ടാറില്ല. അതുണ്ടാക്കി രുചിച്ച് ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്.

പരാജയപ്പെട്ട അനുഭവങ്ങള്‍ എന്തെങ്കിലും.?

ഉണ്ട്. ധാരാളം. പക്ഷേ, മാറ്റങ്ങള്‍ വരുത്തി അത് പരിഹരിക്കും.

ആധുനിക തലമുറ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാളുപരി പുറമേ നിന്നുള്ള പാശ്ചാത്യ ഭക്ഷണങ്ങളോടാണല്ലോ കൂടുതല്‍ താല്പര്യം?

ശരിയാണ്. അവര്‍ ആയിരിക്കുന്ന സാഹചര്യത്തിലേയ്ക്ക് അവര്‍ പൊരുത്തപ്പെടുകയാണെന്ന് നമ്മള്‍ പറയേണ്ടിവരും. ഉദാഹരണത്തിന്, നമ്മളുടെ മക്കള്‍ പാശ്ചാത്യരായ അവരുടെ കൂട്ടുകാരുടെ മുമ്പില്‍ നമ്മളോട് മലയാളത്തില്‍ സംസാരിക്കാറില്ലല്ലോ !! അവര്‍ക്ക് മലയാളം അറിയാത്തതുകൊണ്ടോ നമ്മള്‍ അവരുടെ മാതാപിതാക്കന്മാരാണ് എന്ന ബോധം അവര്‍ക്കില്ലാത്തതു കൊണ്ടോ അല്ല. മറിച്ച്, ഇത് അവരുടെ നിലനില്പിന്റെ പ്രശ്‌നം കൂടിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെത്തിയ മലയാളി പ്രവാസികളുടെ ആദ്യ തലമുറ കടന്നു പോയാല്‍ ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള രണ്ടാം തലമുറയുടെ താല്പര്യം അവസാനിച്ചു എന്നാണോ?

എന്നില്ല. നമ്മള്‍ അവരെ പരിശീലിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ചെറുപ്പകാലമാണ് അതിനുദാഹരണം. നമ്മുടെ മാതാപിതാക്കന്മാര്‍ നമ്മളെ പരിശീലിപ്പിച്ചതു പോലെ നമ്മള്‍ നമ്മുടെ മക്കളെ പരിശീലിപ്പിക്കാറുണ്ടോ? ഉത്തരവും വ്യക്തമാണ്. നമ്മുടെ സംസ്‌ക്കാരവുമായ പരിശീലനം അവര്‍ക്ക് കിട്ടിയാല്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു നല്ല ശതമാനം പാശ്ചാത്യര്‍ ഇപ്പോഴും ഇന്ത്യന്‍ ഭക്ഷണങ്ങളോട് അമിത താല്പര്യം കാണിക്കുന്നുണ്ടല്ലോ! പാകിസ്താനികളും ബംഗ്ലാളികളും ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ നടത്തുന്ന ബിസിനസ്സ് മേഖലകള്‍ ഇതിന് വ്യക്തമായ ഉദാഹരണമല്ലേ??

ശരിയാണ്. ഒരു നല്ല ശതമാനം പാശ്ചാത്യര്‍ക്കും അറിയാം അവര്‍ കഴിക്കുന്നത് ശരിക്കും ഒതെന്റിക് ഇന്ത്യന്‍ ഭക്ഷണം അല്ല എന്ന്. പക്ഷേ, ഇന്ത്യന്‍ കറികള്‍ക്ക് ലോകത്തില്‍ എവിടേയും ഉള്ള സ്ഥാനമാണ് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരില്‍ ഇക്കൂട്ടര്‍ ബിസിനസ്സ് നടത്താന്‍ കാരണം.

ഇരുന്നൂറോളം റെസിപ്പികളായി. ബാച്ചിലേഴ്‌സ് പാചകം പുസ്തകവുമായി. എന്താണ് അടുത്ത പ്ലാന്‍?

സ്വാതന്ത്രം കിട്ടുന്നതിനു വളരെ മുമ്പ് തന്നെ ഇന്ത്യന്‍ കറികളെ പാശ്ചാത്യ സമൂഹം അംഗീകരിച്ചതാണ്. ചരിത്രം പഠിച്ചാല്‍ അറിയാം. ഇന്ത്യന്‍ കറികളുടെ ഒരു എക്‌സിബിഷന്‍ യൂറോപ്പില്‍ സംഘടിപ്പിക്കുക എന്നതാണ് അടുത്ത ആഗ്രഹം. വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു ദൗത്യമാണെങ്കിലും ഒരു നല്ല സ്‌പോണ്‍സറെ കിട്ടിയാല്‍ സാധിക്കാവുന്ന കാര്യമേയുള്ളൂ. ഇരുന്നോറോളം വിഭവങ്ങള്‍ എനിക്ക് സ്വന്തമായിട്ടുണ്ടല്ലോ! അതോടൊപ്പം ബാച്ചിലേഴ്‌സ് പാചകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹമുണ്ട്.

ബേസില്‍ ജോസഫ് മലയാളികള്‍ക്ക് അഭിമാനം തന്നെ. ഇന്ത്യയുടെ രുചികള്‍ യൂറോപ്പിനെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സംരഭത്തിന് പ്രോത്സാഹനം നല്‍കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.

ഷിബു മാത്യു
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍
മലയാളം യുകെ
സത്യങ്ങള്‍ വളച്ചൊടിക്കാതെ!