ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : 10 ആഴ്ചകൾക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ. ജൂൺ തുടക്കത്തോടെ രാജ്യത്തെ ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ടുവന്നതിനാൽ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലെ പല ഭാഗത്തുള്ള സ്കൂളുകളിൽ തിരിച്ചെത്തിയെങ്കിലും സുരക്ഷാ ആശങ്ക കാരണം പകുതി കുട്ടികളും വീട്ടിൽ തന്നെ തുടരുകയാണ്. പുതിയ രീതികൾ പഠിച്ചുകൊണ്ട് 10 ആഴ്ചകൾക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ് സന്തോഷം പകരുന്ന കാഴ്ചയായി മാറി. “നിങ്ങൾ മടങ്ങിവരുന്നതിന്റെ ആവേശത്തിലാണോ?” വെസ്റ്റ് ലണ്ടനിലെ സെന്റ് മേരി മഗ്ഡലൻ കത്തോലിക്കാ പ്രൈമറി സ്കൂളിലെ അദ്ധ്യാപിക ഹെലൻ ഫ്രോസ്റ്റിക് കുട്ടികളോട് ചോദിച്ചു. ലോക്ക്ഡൗണിൽ ഉടനീളം സ്കൂളുകളിൽ എത്തിയ ആരോഗ്യപ്രവർത്തകരുടെ കുട്ടികളോടൊപ്പം ഇന്നെത്തിയവരും ഇടം പിടിച്ചു. സാമൂഹിക അകലം പാലിച്ചും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുമാണ് ക്ലാസ്സുകൾ നടത്തുന്നത്. ക്ലാസ് മുറികൾ പൂർണ്ണമായും പുനഃസംഘടിപ്പിച്ചു. മേശകൾ വരിവരിയായി നിരത്തുകയും ജനാലകൾ തുറന്നിടുകയും ചെയ്തു. ഒപ്പം കൈകഴുകുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

റിസപ്ഷൻ ക്ലാസ്സിൽ ഓരോ ടേബിളും വെവ്വേറെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്സ്‌ ഉപകരണങ്ങളുടെ ട്രേ സ്വന്തമായി ഉള്ളതിനാൽ കുട്ടികൾക്ക് ഇരിപ്പിടങ്ങളിൽ നിന്ന് ഇറങ്ങേണ്ട ആവശ്യമില്ലെന്ന് ടീച്ചിംഗ് അസിസ്റ്റന്റ് ക്ലെയർ ഗോർഡൻ പറയുന്നു. കുട്ടികളെ സ്കൂളിൽ തിരികെകൊണ്ടുവന്നത് വളരെ നല്ല നടപടിയാണെന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ അതുപോലെ തന്നെ വീട്ടിൽ കഴിയുന്ന കുട്ടികളും അനേകരാണ്. യോർക്കിൽ നിന്നുള്ള ജെയ്ൻ റീഡ്, തന്റെ മകൻ സ്കൂളിൽ തിരികെ പോകുന്നത് ഇപ്പോഴും സുരക്ഷിതമല്ലെന്ന് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്ന നടപടികൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടോ എന്ന് പല മാതാപിതാക്കളും സംശയിക്കുന്നു. ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. വെയിൽസിൽ ഇന്ന് സ്കൂളുകൾ ഒന്നുംതന്നെ തുറന്നിട്ടില്ല.

അതേസമയം കൊറോണയോട് പടവെട്ടി തിരിച്ചുവരവിന്റെ പാതയിലായി കഴിഞ്ഞു ബ്രിട്ടൻ. രാജ്യത്തെ പകുതി ആശുപത്രികളും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇംഗ്ലണ്ടിലെ 69 ആശുപത്രികൾ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ വെളിപ്പെടുത്തുന്നു. മെയ് 20 ന് ശേഷം നോർത്ത് മിഡിൽസെക്സ് ഹോസ്പിറ്റൽ കോവിഡ് -19 മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിറ്റിംഗ്ടൺ ഹോസ്പിറ്റൽ മെയ് 19ന് ശേഷവും ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽ മെയ് 13ന് ശേഷവും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യാത്തത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ രാജ്യത്തിന്റെ യഥാർത്ഥ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഉയർന്നതാണെന്ന് ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് മുമ്പ് പ്രവചിച്ചിരുന്നു.