ബേസിൽ ജോസഫ്
ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.
എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply