ജോബി തോമസ്

ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യു കെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച ബേസിംഗ്സ്റ്റോക്ക് എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പാലാട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.

വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ബേസിംഗ്‌സ്‌റ്റോക്ക് എം പി ലൂക്ക് മർഫി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കൗൺസിലർ സജീഷ് ടോം യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം ബാഡ്മിന്റൺ താരങ്ങളാണ് ശനിയാഴ്ച ബേസിംഗ്‌സ്‌റ്റോക്കിലേക്ക് ഒഴുകിയെത്തുന്നത്.

ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബാഡ്മിന്റൺ ഇംഗ്ലണ്ട് ഗ്രേഡഡ് കളിക്കാർ ഏറ്റുമുട്ടുന്ന അഡ്വാൻസ്ഡ് വിഭാഗത്തിൽ പന്ത്രണ്ട് ടീമുകളും ഇന്റർമീഡിയറ്റ് വിഭാഗത്തിൽ നാൽപ്പത് ടീമുകളും മാറ്റുരക്കുന്ന തീപാറുന്ന പോരാട്ടത്തിനാകും ബേസിംഗ്‌സ്‌റ്റോക്ക് സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവേശവും സൗഹൃദവും അലയൊലി ഉയർത്തുന്ന ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 350 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായ 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായ 100 പൗണ്ടും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.

കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്‌സ്‌റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് “ബേസിംഗ്‌സ്‌റ്റോക്ക് റോയൽസ്” ക്ലബ്ബിനെ നയിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സെൽജോ ജോണി, ദിനേശ് വത്സല സുരേഷ്, റൈജു കുര്യാക്കോസ്, നിതിൻ ബാബു, സുബിൻ സാബു, ഹരിഹരൻ സേതുമാധവൻ, റിജിൽ ജോൺ, സിൻറ്റോ സൈമൺ, ഷിജോ ജോസഫ്, രാഹുൽ രാജ്, അശ്വിൻ സതീഷ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Everest Community Academy, Oxford Way, Sherborne St John, Basingstoke, RG24 9UP

മികച്ച കളിക്കാരുടെ പങ്കാളിത്തംകൊണ്ടും, ചിട്ടയായ സംഘാടക മികവ്‌കൊണ്ടും യു കെ യിൽ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസിന്റെ രണ്ടാമത് ആൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മുൻ വർഷത്തേത് പോലെത്തന്നെ സൗജന്യ റാഫിൾ നറുക്കെടുപ്പും ടൂർണമെന്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.