ലണ്ടന്‍: 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിവരുന്ന ‘ഫ്രീ ടി.വി ലൈസന്‍സ് ഫീസ്’ വര്‍ധിപ്പിക്കാനൊരുങ്ങി ബി.ബി.സി. ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് നേരത്തെ മുന്നോട്ട് വെച്ച നാല് നിര്‍ദേശങ്ങളിലൊന്നാണ് ഫീസ് വര്‍ധന. ഇത് സ്ഥാപനത്തിന് വര്‍ഷം 300 മില്യണ്‍ പൗണ്ടിന്റെ നേട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സാമ്പത്തിക കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബി.ബി.സി നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന.

മുന്‍കാലങ്ങളെക്കാള്‍ വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ് വര്‍ദ്ധനവ് യാതൊരുവിധ പ്രതികൂല സാഹചര്യവും സൃഷ്ടിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിച്ചിരിക്കുന്നത്. സാമ്പത്തികവും ആരോഗ്യവും സാമൂഹികപരവുമായി വര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫീസ് വര്‍ധനവ് അവര്‍ക്ക് സാമ്പത്തിക പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനം ടി.വി ചെലവുകള്‍ വഹിക്കേണ്ട സാഹചര്യം മാറിയെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം പുതിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെ എയ്ജ് ചാരിറ്റി ഡയറക്ടറായ കരോളിന്‍ എബ്രഹാം രംഗത്ത് വന്നു.

പുതിയ പരിഷ്‌കാരത്തിന് പിന്നില്‍ ബി.ബി.സിയുടെ സാമ്പത്തിക ലക്ഷ്യങ്ങളാണെന്ന് മനസിലാക്കാന്‍ കഴിയും. എന്നാല്‍ വയോധികരുടെ കണ്ണിലൂടെ പുതിയ നീക്കത്തെ നോക്കാന്‍ ശ്രമിക്കണമെന്നും കരോളിന്‍ പറഞ്ഞു. 75 വയസിന് മുകളില്‍ പ്രായമുള്ള മില്യണിലധികം ആളുകള്‍ രാജ്യത്തുണ്ട്. ഇവരില്‍ പകുതിപേര്‍ക്കും വാര്‍ധക്യ സഹജമായ രോഗങ്ങളോ അംഗവൈകല്യങ്ങളോ ബാധിച്ചവരാണ്. ലോകത്തെ നോക്കികാണാന്‍ അവര്‍ക്ക് മുന്നിലുള്ള ഏക കണ്ണാടിയാണ് ടെലിവിഷന്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ ചെറിയ തുക മാത്രമുള്ള കുറേയേറെ ആളുകള്‍ ഇവിടെയുണ്ട് അവരെയാണ് പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നതെന്നും കരോളിന്‍ വ്യക്തമാക്കി.