ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾക്കൊടുവിൽ ബിബിസിയിൽ കൂട്ട രാജി. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവെച്ചു. ജീവനക്കാർക്ക് അയച്ച കത്തിൽ രാജി തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്തം ഡയറക്ടർ ജനറൽ എന്ന നിലയിൽ ഏറ്റെടുക്കുകയാണെന്നും ഡേവി വ്യക്തമാക്കി. “ബിബിസി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” എന്നാണ് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയത്. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസി ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദം സ്ഥാപനത്തെ മോശമായി ബാധിച്ചതായി ബിബിസിയുടെ വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസ് രാജിക്കുറിപ്പിൽ പറഞ്ഞു . “ഞാൻ സ്നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തിന് ഈ സംഭവങ്ങൾ വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ബിബിസി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്,” എന്നാണ് അവർ വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിബിസിയുടെ വാർത്താ എഡിറ്റിംഗ് രീതിയെ കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും രാജി ബിബിസിയുടെ വിശ്വാസ്യതയെ പുനർസ്ഥാപിക്കാനുള്ള ശ്രമമായി ആണ് വിലയിരുത്തുന്നത് .

ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തുടക്കമായത് . “ട്രംപ്: എ സെക്കൻഡ് ചാൻസ്” എന്ന 2021ലെ ഡോക്യുമെന്ററിയിൽ ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന തരത്തിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ ചോർന്നതോടെ വിഷയത്തിൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു. ബിബിസിയുടെ എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയിലെ മുൻ ഉപദേഷ്ടാവായ മൈക്കൽ പ്രെസ്കോട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത് എന്ന് പിന്നീട് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സംഭവം പുറത്ത് വന്നതോടെ ബിബിസിയുടെ വിശ്വാസ്യത വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.











Leave a Reply