ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും മോശം സമ്പദ് വ്യവസ്ഥയായി മാറാൻ ഒരുങ്ങി യുകെ എന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) റിപ്പോർട്ട്‌ . ജി 20 യിൽ ഉൾപ്പെടുന്ന 20 സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും മോശം യുകെയുടേത് ആയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസം തുടർച്ചയായി രണ്ട് അമേരിക്കൻ ബാങ്കുകൾ തകർന്നത് ആഗോള വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വരും മാസങ്ങളിൽ യുകെ മുൻപെങ്ങും കാണാത്ത വിധം സമ്പദ് വ്യവസ്ഥ ചുരുങ്ങുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പാൻഡെമിക് റീബൗണ്ടിന്റെ സമയത്ത് 2022 ൽ യുകെ ജി7 ൽ ഒന്നാമതെത്തി. 2023-ൽ യുകെ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങുമെന്നും അടുത്ത വർഷം 1% വളർച്ച നേടുമെന്നുമാണ് ഐ എം എഫിന്റെ പ്രവചനം. വാതക വില, വർദ്ധിച്ചുവരുന്ന പലിശ നിരക്കുകൾ, വ്യാപാരത്തിലുള്ള ഇടിവ് എന്നിവയൊക്കെയാണ് ഇതിനു കാരണമായിട്ട് ചൂണ്ടികാട്ടുന്നത്. എന്നാൽ ഐ എം എഫ് ന്റെ നിരീക്ഷണത്തെ തള്ളി പറഞ്ഞു കൊണ്ടാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികൾ സംസാരിക്കുന്നത്. ഇത്രയും ഗൗരവത്തോടെ പുറത്ത് വിട്ട മുന്നറിയിപ്പ് അപഹാസ്യമാണെന്നും, മറ്റേത് രാജ്യത്തെക്കാളും സസൂക്ഷ്മമാണ് യുകെയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകുന്നതെന്ന് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു.

എന്നാൽ, ഐ എം എഫ് പുറത്ത് വിട്ട മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് പ്രതിപക്ഷം നോക്കി കാണുന്നത്. കഴിഞ്ഞ വർഷം രാജ്യം സാക്ഷ്യം വഹിച്ച മുൻപെങ്ങും ഇല്ലാത്തവിധമുള്ള പണപെരുപ്പവും, പലിശ വർധനവും, നികുതി വർധനയുമൊക്കെ ഐ എം എഫ് മുന്നറിയിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് ലേബർ പാർട്ടി നേതൃത്വം പറയുന്നത്. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയാറാകണമെന്ന് ലേബർ പാർട്ടി നേതാവും ഷാഡോ ചാൻസലറുമായ റേച്ചൽ റീവ്സ് പറഞ്ഞു. ഇതിൽ കൺസർവേറ്റീവ് ഭരണകൂടം മൗനം വെടിയണമെന്നും നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നും ലേബർ പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.