സ്വന്തം ലേഖകൻ
വിവാദപരമായ ട്രോളുകൾക്കും, വ്യക്തി അധിക്ഷേപങ്ങൾക്കും വഴിവെച്ച യുവമിഥുനങ്ങളുടെ പോസ്റ്റ് വെഡ്‌ഡിങ് അഥവാ ഹണിമൂൺ ഫോട്ടോഗ്രാഫി റിപ്പോർട്ട് ചെയ്ത് ബിബിസി.
നവദമ്പതികളുടെ അടുപ്പം വരച്ചിടുന്ന ചിത്രങ്ങൾ വാഗമണിലെ ടീ പ്ലാൻറ്റേഷനിലാണ് ഷൂട്ട് ചെയ്തത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ്ഷൂട്ട് സുഹൃത്തായ അഖിൽ കാർത്തികേയന്റെ, വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് ചെയ്തത്.
കോവിഡ് 19 ന്‍റെ വ്യാപനത്തോടെ കൂടുതല്‍ വിപുലമായ വിവാഹം നടത്താന്‍ കഴിഞ്ഞിരുന്നില്ല . കഴിഞ്ഞ സെപ്തംബര്‍ 16 നാണ് വിവാഹം കഴിഞ്ഞത് . 50 ആളുകളെ ക്ഷണിക്കാൻ ഉള്ള അനുവാദം മാത്രമേ പോലീസ് നൽകിയിരുന്നുള്ളൂ. അതിനാൽ വളരെ ചുരുങ്ങിയ ചടങ്ങുകൾ മാത്രം ഉള്ള വിവാഹമാണ് നടത്തിയത്. വിവാഹത്തിന് അധികം ഫോട്ടോകൾ എടുക്കാൻ പറ്റാഞ്ഞത് കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഫോട്ടോഷൂട്ട് ആവണം തങ്ങളുടേതെന്ന ആശയമായി മുന്നോട്ടുവന്നത് ഋഷി തന്നെയാണ്. ഋഷി ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നു, ലക്ഷ്മി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദധാരിയാണ്.
വളരെ റൊമാന്റിക് ആയ അടുപ്പമുള്ള ഫോട്ടോ ഷൂട്ട് ആണ് പ്ലാൻ ചെയ്തത്, അവർ തങ്ങിയ ഹോട്ടലിൽ നിന്നും വെള്ള നിറത്തിലുള്ള പുതപ്പുകളും കംഫർട്ടുകളും കടം വാങ്ങി വാഗമണ്ണിലെ തേയിലത്തോട്ടത്തിൽ ദമ്പതിമാർ, ചിരിക്കുന്നതും, പിന്നാലെ ഓടുന്നതും, ആലിംഗനം ചെയ്യുന്നതും മറ്റും ആയ ഒരുപിടി ചിത്രങ്ങളാണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കമന്റുകൾ ആണ് ലഭിച്ചതെന്ന് ഋഷി പറയുന്നു. വീട്ടുകാർക്ക് കാര്യം പറഞ്ഞപ്പോൾ മനസ്സിലായി, പിന്നെ പാരമ്പര്യവാദികളായ ചില ബന്ധുക്കൾ എതിർപ്പും കൊണ്ട് രംഗത്ത് വന്നിരുന്നു.
കേട്ടാലറയ്ക്കുന്ന കമന്റുകൾ ആണ് കമന്റ് ബോക്സിൽ തെളിഞ്ഞത്. ആക്രമണത്തിൽ അധികവും ലക്ഷ്മിക്ക് നേരെയായിരുന്നു. ബോഡി ഷെയ്മിങ് നടത്തി, ഒരു മുറിയെടുത്തൂടെ എന്ന് ആക്ഷേപിച്ചു, നിങ്ങൾ ചെയ്യുന്നത് സംസ്കാരത്തിന് എതിരാണെന്നും, നമുക്ക് ഇങ്ങനെയൊരു പാരമ്പര്യം ഇല്ലെന്നും തുടങ്ങി തുടർച്ചയായി രണ്ടു ദിവസം ഇരുവരെയും ആക്രമിച്ചു. പോണോഗ്രഫി ചിത്രങ്ങളിൽ അഭിനയിക്കാൻ പോയിക്കൂടെ എന്നും, കോണ്ടം പരസ്യം ആണോ എന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. ചിലരുടെ കമന്റുകൾ ആകട്ടെ അങ്ങേയറ്റം അശ്ലീലവും. എന്നാൽ അതിന് ശേഷം ഒരുപാട് ആൾക്കാർ സപ്പോർട്ടുമായി രംഗത്തെത്തി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ എടുക്കാനും, പങ്കുവെക്കാനും എല്ലാ അവകാശവും ഉണ്ടെന്നും, ചിത്രങ്ങൾ മനോഹരമാണെന്നും, വ്യത്യസ്തമാണെന്നും കുറെയേറെ പേർ അഭിനന്ദിച്ചു.
എന്തൊക്കെ പ്രശ്നമുണ്ടായാലും ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. അത് തോറ്റു കൊടുക്കുന്നതിനു തുല്യമാണ്. ഞങ്ങളുടെ ചിത്രങ്ങളിൽ ഒരു പാകപ്പിഴയും കാണാനാവുന്നില്ല. വിമർശിക്കുന്നവരുടെ എല്ലാം ഉള്ളിൽ എന്താണെന്ന് എല്ലാവർക്കും നന്നായി അറിയാം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ഉത്സാഹമാണിതെന്നും, ഇവർക്കൊക്കെ രണ്ടുദിവസം കഴിയുമ്പോൾ വിമർശിക്കാനും ആഘോഷിക്കാനും അടുത്ത വിഷയം കിട്ടുമ്പോൾ പൊയ്ക്കൊള്ളും എന്നും. സമൂഹത്തിൽ നടക്കുന്ന കടുത്ത അനീതികൾക്കെതിരെ ഒരു വാക്ക് പോലും തിരിച്ചു പറയാത്തവരാണ് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
Leave a Reply