ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബന്ധങ്ങളുടെ ദൃഡതയാണ് പ്രവാസി മലയാളികളുടെ ജീവിതത്തിന് പ്രചോദനമേകുന്നത്. വീണ്ടും കോവിഡ് വ്യാപനം അലയടിച്ചുയർന്നതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുകെയിലെ വാൽസലിൽ സോഷ്യൽ സർവീസ് മാനേജർ ആയി ജോലി ചെയ്യുന്ന ബിജു മാത്യു, വിവാഹത്തിനായി നാട്ടിലെത്തിയ ശേഷം തിരികെ യുകെയിലേക്ക് മടങ്ങാൻ കഴിയാതെ വരുന്ന കിരൺ, സൗമ്യ എന്നിവരുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് ഇംഗ്ലീഷ് സമൂഹം പ്രതികരിച്ചത്. ബോർഡറുകൾ അടച്ചിടണമെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർക്കെല്ലാം നിർബന്ധിത ക്വാറന്റീൻ ഉറപ്പാക്കണമെന്നും ആളുകളുടെ തിരിച്ചുവരവ് രാജ്യത്തെ ലോക്ക്ഡൗണിലേക്ക് തള്ളിവിടുമെന്നും ഉൾപ്പെടെയുള്ള നിരവധി പ്രതികരണങ്ങൾ ആണ് ഉയർന്നുവന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. “യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് വരാൻ അനുവാദം ഇല്ലാത്തപ്പോൾ ഇവർ എന്തിനു നാടുചുറ്റാൻ ഇറങ്ങുന്നു?” എന്ന പ്രതികരണവുമായി മലയാളികളും രംഗത്തെത്തി.
ബന്ധങ്ങൾക്ക് മഹത്വം കല്പിക്കുന്ന മലയാളികൾ നാട്ടിൽ പോകുന്നത് മരിക്കാറായി കിടക്കുന്ന മാതാപിതാക്കളെ ഒരു നോക്ക് കാണാനായിട്ടോ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാനായിട്ടോ ആണ്. യാത്രാനിരോധനം നിലവിൽ വരുന്നതിന് മുമ്പ് കൊച്ചിയിൽ നിന്ന് മുംബൈ, ഫ്രാങ്ക്ഫർട്ട് വഴിയാണ് ബിജു മാത്യു ബ്രിട്ടനിൽ എത്തിയത്. 2000 പൗണ്ട് ചിലവഴിച്ച് വ്യാഴാഴ്ചയാണ് ബിജു മാഞ്ചസ്റ്ററിൽ എത്തിയത്. എന്നാൽ വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ട കിരണിനും സൗമ്യക്കും ഇപ്പോൾ തിരിച്ചെത്താൻ സാധിക്കാത്ത അവസ്ഥയാണ്. “ഏപ്രിൽ 12 മുതൽ ഞാൻ യുകെയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റുകളൊന്നും ലഭ്യമല്ല,” കിരൺ പറഞ്ഞു. “കൊച്ചിയിൽ നിന്ന് യാത്ര ചെയ്യുന്നതിന് 1,200 പൗണ്ടാണ് ചെലവ്.” അദ്ദേഹം കൂട്ടിച്ചേർത്തു. സൗമ്യയുടെ വിസ പുതുക്കുന്നതിനായി ജൂൺ ആദ്യം തന്നെ അവർ യുകെയിൽ തിരിച്ചെത്തേണ്ടതുണ്ട്.
അതേസമയം കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി യുകെയിൽ വരാനിരിക്കുന്ന ആളുകൾക്കുള്ള ഒരു മുന്നറിയിപ്പ് ആണ് ബിജു മാത്യുവിന്റെ അനുഭവം. സ്റ്റുഡന്റസ് വീസയിൽ ഉള്ളവരും വർക്ക് പെർമിറ്റ് ഉള്ളവരും മറ്റു യൂറോപ്യൻ രാജ്യങ്ങൾ വഴി യുകെയിൽ എത്തുവാൻ ശ്രമിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ടിക്കറ്റുമായി എയർപോർട്ടിൽ എത്തുമ്പോഴാണ് യാത്ര ചെയ്യാനായി ട്രാൻസിറ്റ് വിസ ആവശ്യമുണ്ടെന്ന് അറിയുന്നത്. അതുപോലെ ഏജന്റ് മുഖേന ടിക്കറ്റ് എടുക്കുമ്പോൾ വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ. അതിനു പകരമായി lastminute.com, edreams.com തുടങ്ങിയ വെബ്സൈറ്റുകൾ വഴി കേരളത്തിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഏജന്റുമാർ അറിയിച്ചു.
Leave a Reply