ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പൊതുവിദ്യാഭ്യാസ രംഗത്ത് മുൻപിലാണ് കേരളം എന്ന അവകാശപ്പെടുമ്പോൾ തന്നെ വിദ്യാർത്ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ഒരു സ്കൂൾ. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ പ്രതിസന്ധിയാണ് ഇതിന് കാരണം. പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. ബിബിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ.
വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്കൂളിൽ , വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്കയാണ് ഇവിടുത്തെ അധ്യാപകർ പങ്കുവെക്കുന്നത്. ഇതോടെ കുട്ടികളെ തേടി അധ്യാപകർ ഇറങ്ങിയിരിക്കുകയാണ്. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. അവിടെ 14 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. നിലവിൽ 50 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1980 കളുടെ അവസാനം വരെ 700 ആയിരുന്ന കുട്ടികളുടെ എണ്ണം വളരെ പെട്ടെന്നാണ് അത് 50 തിലേക്ക് എത്തിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർത്ഥികൾ മാത്രമുള്ള ഏഴാം ക്ലാസാണ് ഇതിൽ ഏറ്റവും വലിയത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർത്ഥി മാത്രമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. കൂടാതെ വിദ്യാർഥികളെ തേടി വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്നു. വിദ്യാർത്ഥികളെ അന്വേഷിക്കാൻ അധ്യാപകരെ അയയ്ക്കുന്നതിന് സമാനമായാണ് പ്രദേശത്തെ ഏറ്റവും വലിയ സർക്കാർ സ്കൂളിലെ അധ്യാപകരുടെ അവസ്ഥ. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്നുമാണ് സ്കൂൾ പ്രിൻസിപ്പൽ ജയദേവി ആർ പറയുന്നത്. ജനസംഖ്യ കുറയുകയും പലവിധ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രധാന ജില്ലയായ പത്തനംതിട്ടയുടെ ഹൃദയഭാഗത്താണ് കുമ്പനാട് സ്ഥിതി ചെയ്യുന്നത്. 47% ആളുകളും 25 വയസ്സിന് താഴെയുള്ള രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു.
കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നത് ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്ന് വില്ലേജ് കൗൺസിൽ മേധാവി ആശ സി ജെ പറയുന്നു. 20 സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർത്ഥികൾ വളരെ കുറവാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടികളും വിദേശ രാജ്യങ്ങളിലാണ്. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും അധികൃതർ പറയുന്നു. വലിയ കൊട്ടാരങ്ങൾക്ക് സമാനമായ വീടുകൾ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശങ്ങളിലേക്ക് ജോലിയുമായി പോകുന്നവർ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണം.
Leave a Reply