ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെത്തിക്കാന്‍ യുകെ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി വിതരണ ശൃംഖല പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയമാക്കാനും നിരക്കുകള്‍ പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഊര്‍ജ്ജോല്‍പാദന രീതികള്‍ അവലംബിക്കാനുമാണ് തീരുമാനം.

കാര്‍ബണ്‍ ടാക്‌സിനു വേണ്ടി വാദിക്കുകയും ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തി ഇടപെടലിനെതിരെ രംഗത്തുവരികയും ചെയ്ത പ്രൊഫ. ഡയറ്റര്‍ ഹെം ഇതിന് നേതൃത്വം വഹിക്കും. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതാണെന്നായിരുന്നു പ്രൊഫ. ഹെം അഭിപ്രായപ്പെട്ടത്.

വ്യവസായ നയത്തിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ ഏറ്റവും കുറയ്ക്കുകയും കാലാവസ്ഥാ നയത്തിന്റെ ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജ മേഖലയില്‍ മാറ്റങ്ങള്‍ എങ്ങനെ ഫലവത്തായി കൊണ്ടുവരാം, ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജം വരും ദശകങ്ങളിലും ലഭിക്കാനായി പുതിയ സാങ്കേതികത എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.