ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെങ്ങും ഉള്ള മലയാളികൾക്ക് പ്രത്യേകിച്ച് അന്യനാടുകളിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഒരു തീരാ നൊമ്പരമാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന വാർത്ത . നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡൻറ് അന്തിമാനുമതി നൽകിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് ലോകമെങ്ങുമുള്ള മലയാളികൾ വിമുക്തരായിട്ടില്ല. നിമിഷപ്രിയ തന്റെ അവസാന വിധി എന്താണെന്ന് അറിയാതെ ഇപ്പോൾ യെമനിന്റെ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിലാണ്. നിമിഷപ്രിയയെ കുറിച്ചും അവരുടെ ജീവിതത്തില്‍ വന്നുചേർന്ന അവിചാരിതമായ സംഭവത്തെ കുറിച്ചും വളരെ വിശദമായ വാർത്താ പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ ബിബിസി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ എങ്ങനെയും അവളുടെ ജീവൻ രക്ഷിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ആഭ്യന്തര യുദ്ധങ്ങൾ കൊണ്ട് കലുഷിതമായ യെമനിൽ പൂർണ്ണമായ രീതിയിൽ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ലെന്നതാണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . നിമിഷപ്രിയയുടെ മോചനത്തിനായി സമാഹരിച്ച തുക കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലേക്ക് എത്തിക്കാനുള്ള പ്രതിബന്ധവും സമീപകാല മാധ്യമ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നിലവിൽ അവളുടെ അമ്മ മകളുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് യെമനിൽ എത്തിയിരുന്നു. അവസാന നിമിഷം രക്ഷാപ്രവർത്തനത്തിന് ഫലം കാണുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾ .
2017ൽ വാട്ടർ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ യെമൻ സ്വദേശിയായ മുൻ ബിസിനസ് പങ്കാളി തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ (34) വധശിക്ഷയ്ക്ക് വിധിച്ചത്. ശരിയത്ത് എന്നറിയപ്പെടുന്ന ഇസ്ലാമിക നീതിന്യായ വ്യവസ്ഥയ്ക്ക് കീഴിൽ വധശിക്ഷ ഒഴിവാക്കാനുള്ള ഏക മാർഗം ഇരയുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. മാസങ്ങളായി നിമിഷയുടെ ബന്ധുക്കളും മറ്റും തലാലിന്റെ കുടുംബത്തിന് നൽകാനായി ദിയ എന്നറിയപ്പെടുന്ന ബ്ലഡ് മണി സ്വരൂപിച്ചത് കൈമാറാനുള്ള ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട് .
രാഷ്ട്രപതിയുടെ അനുമതി വരുന്നതോടെ, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് മഹ്ദിയുടെ കുടുംബത്തിൽ നിന്ന് സമ്മതം തേടുമെന്നും വധശിക്ഷയിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിക്കുമെന്നും നിമിഷയുടെ പേരിൽ പവർ ഓഫ് അറ്റോർണി കൈവശമുള്ള യെമൻ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു . കുടുംബം മാപ്പ് നല്കാൻ തയാറായാൽ ശിക്ഷ ഉടനടി ഒഴിവായിക്കിട്ടും . യെമനിലെ നിയമമനുസരിച്ച്, നിമിഷയുടെ കുടുംബത്തിന് ഇരയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയില്ല. ഇതും പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഒരു കീറാമുട്ടിയായി തീർന്നിരിക്കുകയാണ്. നിമിഷയുടെ അവസ്ഥയെക്കുറിച്ച് അറിയാമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവാഹം കഴിഞ്ഞതിനു ശേഷം മകളുമൊത്ത് കണ്ണീരോടെ കേരളത്തിൽ കഴിയുന്ന നിമിഷപ്രിയയുടെ ഭർത്താവ് ടോണി തോമസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. നിമിഷ പ്രിയ മോചിതയായി കേരളത്തിൽ എത്തി താനും മകളുമൊത്ത് സന്തോഷത്തോടെ ഒരു ജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടോണി .
Leave a Reply