കമ്പ്യൂട്ടര്‍ കലന്‍ഡറിലെ പിഴവു മൂലം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തില്‍ അടുത്ത മാസം തകരാറുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. വൈ2കെ മാതൃകയിലുള്ള തകരാറായിരിക്കും ഉണ്ടാകുകയെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ആര്‍എസ്എ 2019 സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 6നായിരിക്കും ജിപിഎസിനെ ഈ തകരാറ് ബാധിക്കുക. പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജിപിഎസ് ഉപകരണങ്ങള്‍ ഏപ്രില്‍ 6ന് പൂജ്യത്തിലേക്ക് സെറ്റ് ചെയ്യപ്പെടുമെന്നും കമ്പ്യൂട്ടര്‍ കലന്‍ഡറുകള്‍ തകരാറിലാകുമെന്നുമാണ് പ്രവചനം. 1999 അര്‍ദ്ധരാത്രിയില്‍ സംഭവിക്കുമെന്ന് കരുതിയിരുന്ന വൈടുകെ പ്രതിഭാസത്തിന് സമാനമായ അവസ്ഥയാണ് ഇത്.

തായ്‌വാനീസ് ബഹുരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ ട്രെന്‍ഡ് മൈക്രോയുടെ വൈസ് പ്രസിഡന്റായ ബില്‍ മാലിക്ക് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വൈടുകെയേക്കാള്‍ കൂടുതല്‍ അപകടകാരിയായ എററായിരിക്കും ഇതെന്നും അതിനാല്‍ ഏപ്രില്‍ 6ന് താന്‍ വിമാനയാത്ര ചെയ്യില്ലെന്നും മാലിക് പറഞ്ഞു. ഒട്ടേറെ ഡിവൈസുകള്‍ ജിപിഎസുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ പിഴവിന്റെ അനന്തരഫലം ലോകമൊട്ടാകെ ബാധിക്കും. തുറമുഖങ്ങളില്‍ കണ്ടെയിനറുകള്‍ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും പോലും ജിപിഎസ് ബന്ധിതമായ ക്രെയിനുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് സേഫ്റ്റി സംവിധാനങ്ങളും ട്രാഫിക് മോണിറ്ററിംഗ് സംവിധാനങ്ങളും ജിപിഎസിനെ ആശ്രയിക്കുന്നു.

20 വര്‍ഷം മുമ്പ് ആരംഭ ദശയിലായിരുന്ന ഈ സംവിധാനങ്ങള്‍ ഇപ്പോള്‍ എംബെഡഡ് ആണ്. അതിനാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. അതിനാല്‍ത്തന്നെ സാങ്കേതികവിദ്യ അപ്‌ഡേറ്റ് ചെയ്യാന്‍ സ്വകാര്യ പൊതുമേഖലാ സെക്ടറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാരുകള്‍. അപ്കമിംഗ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം വീക്ക് നമ്പര്‍ റോളോവര്‍ ഇവന്റ് എന്ന പേരില്‍ 2018 ഏപ്രിലില്‍ തന്നെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രൈവറ്റ് ടെക്‌നോളജി കമ്പനികള്‍ക്കും നിര്‍മാണ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.