ഇന്ത്യയിലെ കൊവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ബിബിസിയുടെ ഇന്ത്യന്‍ പ്രതിനിധി വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യാഥാര്‍ഥ്യം ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഇത്തരത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധന കിറ്റുകളുടെ ക്ഷാമം മൂലം പരിശോധനകള്‍ നടത്തുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരിശോധന കിറ്റുകളുടെയും ക്വാറന്റെയ്ന്‍ നടപടികളുടെയും ക്ഷാമമാണ് പ്രധാനമായും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. കൊവിഡ് ബാധിതരുടെയും മരണവും സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.
Leave a Reply