ലണ്ടന്‍: ബ്രിട്ടീഷ് ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്. ബ്രിട്ടീഷ് ചലച്ചിത്രകാരനായ ചാര്‍ലി ലിന്‍ ആണ് ബോര്‍ഡിനെതിരെയുളള പ്രതിഷേധമെന്ന നിലയില്‍ പെയിന്റ് ഡ്രൈയിംഗ് എന്ന സിനിമ എടുത്തത്. ഒരു ഇഷ്ടിക്കച്ചുമരിലെ പെയിന്റ് ഉണങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പെയിന്റടിച്ച ചുമരുതന്നെയാണ് പത്തുമണിക്കൂറും ചിത്രത്തില്‍ കാണിക്കുന്നത്.
സര്‍ട്ടിഫിക്കേഷനു വേണ്ടി ബിബിഎഫ്‌സി കനത്ത ഫീസ് വാങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെ ഒരു പണിയുമായി സംവിധായകന്‍ ലിന്‍ രംഗത്തെത്തിയത്. ആയിരം പൗണ്ടാണ് സര്‍ട്ടിഫിക്കേഷനായി നല്‍കേണ്ട ഫീസ്. സമര്‍പ്പിച്ച ചിത്രം ബോര്‍ഡ് അംഗങ്ങള്‍ മുഴുവനും കാണണമെന്നു നിര്‍ബന്ധമാണ്. അതിനു ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഈ നിബന്ധന മുതലെടുത്താണ് പത്തു മണിക്കൂര്‍ ഒരേ ദൃശ്യം മാത്രം കാണിക്കുന്ന സിനിമയെടുത്ത് സര്‍ട്ടിഫിക്കറ്റിനായി ലിന്‍ നല്‍കിയത്.

പ്രചാരണങ്ങളിലൂടെ 5936 പൗണ്ട് ശേഖരിച്ചു കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ലിന്‍ പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് 607 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രവും ബോര്‍ഡിന് സമര്‍പ്പിച്ചു. എങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇത് 1971 ല്‍ പുറത്തിറങ്ങിയ ജാക് റിവേറ്റിന്റെ ഔട്ട് വണ്‍ എന്ന ചിത്രത്തിനേക്കാള്‍ പിന്നിലാണ്. 775 മിനിറ്റാണ് ഔട്ട് വണ്ണിന്റെ ദൈര്‍ഘ്യം. ദ ഡയറി ഓഫ് എ ടീനേജ് ഗേള്‍ എന്ന ചിത്രത്തിന് 18 സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബോര്‍ഡ് വിവാദത്തിലായിരുന്നു. സ്ത്രീ ലൈംഗികതയെ മോശമായി പരിഗണിക്കുന്നുവെന്നായിരുന്നു ബോര്‍ഡിന്റെ ഈ നടപടി കേട്ട വിമര്‍ശനം.

തന്റെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ ഹാസ്യാത്മകമായി ലിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി വേറെയും ചിത്രങ്ങള്‍ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ബിബിഎഫ്‌സി പ്രതികരിച്ചു. ചിത്രം നിര്‍മിക്കുന്നതിന് പിന്നിലുളള ഉദ്ദേശ്യവും പരിശോധിക്കും. 1912ല്‍ ചലച്ചിത്ര വ്യവസായം തന്നെയാണ് ഇങ്ങനെയൊരു സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചത്. ദേശീയതലത്തില്‍ തന്നെ സിനിമകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത് രൂപീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിബിഎഫ്‌സി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനാണ്. കുട്ടികള്‍ക്ക് ദോഷകരമാകുന്ന യാതൊരു ഉളളടക്കവും സിനിമയില്ലെന്ന് ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. രക്ഷിതാക്കളടക്കമുളള പൊതുജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ബോര്‍ഡിനുണ്ട്. കാണേണ്ടവയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കേണ്ടതും ബോര്‍ഡിന്റെ കടമയാണ്. മുതിര്‍ന്നവരുടെ തെരഞ്ഞെടുപ്പ് അവകാശങ്ങളെ ബോര്‍ഡ് മാനിക്കുന്നു. എങ്കിലും ചില നിയമപരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

സിനിമയില്‍ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമാണ് ബോര്‍ഡിന്റെ വരുമാനം. സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചിത്രമെടുക്കുന്നവര്‍ക്ക് ആഗ്രഹമുണ്ട്. അത്തരക്കാര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളിലെ തദ്ദേശഭരണകൂടങ്ങളുടെ അനുമതി തേടാനും ബോര്‍ഡ് നിര്‍ദേശിക്കുന്നു. സിനിമയിലെ ഓരോ മിനിറ്റും കണ്ട് തന്നെയാണ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. പലരും ചലച്ചിത്രങ്ങളിലൂടെ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ലിന്‍ തന്നെ പല പരീക്ഷണങ്ങള്‍ തന്റെ മുന്‍കാല ചിത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.