ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് പോലീസിൽ പരാതിപ്പെട്ട സ്ത്രീയ്ക്ക് നീതി ലഭിച്ചില്ലെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞു പോലീസ് രംഗത്ത്. ഭർത്താവ് ക്രൂരമായി മർദിക്കുന്നുവെന്നും, വേശ്യാവൃത്തിയിലേക്ക് നിർബന്ധിക്കുന്നുവെന്നും ചൂണ്ടികാട്ടി 2009 നും 2015 നും ഇടയിൽ നിരവധി തവണ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് യുവതി പറയുന്നത്. നിരവധി തവണ ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി കൂട്ടിചേർത്തു.

സംഭവം വിവാദം ആയതോടെ ക്ഷമാപണം നടത്തി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. വിവാഹം കഴിച്ച് എട്ട് വർഷം പിന്നിട്ടപ്പോൾ തന്നെ ശാരീരിക പീഡനം ആരംഭിച്ചതായാണ് പരാതിയിൽ പറയുന്നത്. വിവാഹ ജീവിതം ശരിക്കും നരക തുല്യമായിരുന്നെന്നും, ഒരു ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായ മർദ്ദനമായിരുന്നു ശിക്ഷയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. മറ്റ് പുരുഷന്മാർക്കായി ഫ്ലാറ്റുകളിൽ തന്നെ എത്തിച്ചു നൽകാൻ ശ്രമിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞു.

എന്നാൽ ഇതിനൊന്നും രേഖകൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ‘2009 ലാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ അതിൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല. തുടർന്ന് 2012 ൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിയപ്പോഴും സമാനമായ പരാതി നൽകിയിരുന്നു. എന്നാൽ അതിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല’ -യുവതി പറഞ്ഞു. നിലവിൽ പരാതിക്കാരി കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയാൾ യുകെ വിട്ടു എന്നാണ് പുറത്ത് വരുന്ന വിവരം.