ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മികച്ച ഓപ്പണറെ കണ്ടെത്തുക എന്നത്. ഓരോ പരമ്പരകളിലും ഒപ്പണര്‍മാരെ മാറി മാറി പരീക്ഷിക്കാറുണ്ടെങ്കിലും ആരും തന്നെ സ്ഥിരതയോടെ മികവ് തെളിയിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി പരിഗണിച്ചിരുന്ന കെ.എല്‍.രാഹുലിനെ മാറ്റി ഇപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കുകയാണ് സെലക്ടര്‍മാര്‍. ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ കഴിയതെ വന്നതാണ് രാഹുലിന് തിരിച്ചടിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 101 റണ്‍സാണ് കെ.എല്‍.രാഹുല്‍ സ്വന്തമാക്കിയത്. 38, 44, 6, 13 എന്നിങ്ങനെയാണ് കരീബിയന്‍ മണ്ണിലെ താരത്തിന്റെ പ്രകടനം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാഹുലിന്റെ ടെസ്റ്റ് ശരാശരി 22.23 ആണ്. ഈ കാലയളവില്‍ താരം കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയും അഫ്ഗാനിസ്ഥാനെതിരായ അര്‍ധ സെഞ്ചുറിയും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ പ്രകടനമൊന്നും രാഹുലിന് ക്രീസില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.

മറുവശത്ത് 20കാരന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് അറിയിച്ച് കഴിഞ്ഞു. ഇന്ത്യ എയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 248 പന്തില്‍ 204 റണ്‍സാണ് താരം അടിച്ചെടുത്തത്. 82.25 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത് എന്നത് എടുത്ത് പറയണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ മാത്രം 1072 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. 16 ഇന്നിങ്‌സുകളില്‍ നിന്ന് 76.57 ശരാശരിയിലാണ് താരം 1072 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 268 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്ടോബര്‍ 10 മുതല്‍ രണ്ടാം ടെസ്റ്റ് പൂനെയില്‍ നടക്കും. ഒക്ടോബര്‍ 19 മുതല്‍ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം വിരാട് കോഹ്ലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ.