ന്യൂസ് ഡെസ്ക്
വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.
അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക് 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.
അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു. 2018 ലെ കമ്മിറ്റിയ്ക്ക് അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
Leave a Reply