ബിഡിജെഎസ് ഇന്ന് പിളരും. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപംകൊള്ളലും പിളര്‍പ്പും പതിവായ കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസും രണ്ടാവും. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് രണ്ടാവുന്ന പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പിനെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവും. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം.
കഴിഞ്ഞയാഴ്ച ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് മോദിയുടെ തുടര്‍ഭരണത്തിനായി ശക്തമായ പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച നിലപാട് മാറ്റത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ചൂഴാല്‍ നിര്‍മ്മല്‍ എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നതാണ് ഈ വിലയിരുത്തിലിന് പിന്നില്‍. ഇതിനിടെ നിര്‍മ്മലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതാണ് പിളര്‍പ്പിലേക്ക് വഴിവക്കുന്നതെന്ന വാദം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് ബാലിശമായ വാദം മാത്രമാണെന്ന് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഇത്തരമൊരു പിളര്‍പ്പിലേക്ക് പോവുന്ന സാഹചര്യത്തെ സംശയത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ തങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നു എന്നാണ് നിര്‍മ്മല്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ നിലപാട് മാറ്റം എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.
എന്‍ഡിഎ വിടാതെ തന്നെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും തന്ത്രമാണ് ഈ പിളര്‍പ്പെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വിയോജിപ്പുകള്‍ ധാരാളമുണ്ടായെങ്കിലും എന്‍ഡിഎയില്‍ തുടരാനാണ് തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി എന്‍ഡിഎ നടത്തിയ രഥയാത്ര മുന്നില്‍ നിന്ന് നയിച്ചതും തുഷാര്‍ വെള്ളാപ്പള്ളിയാണ്. തുഷാര്‍ മത്സരിച്ചാല്‍ ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് തുഷാര്‍ തീരുമാനിക്കുകയായിരുന്നു. വൈകിയാണെങ്കിലും ബിഡിജെഎസിനോടുണ്ടായിരുന്ന രണ്ടാംകിട സമീപനം ബിജെപി മാറ്റിയതില്‍ പ്രവര്‍ത്തകരും സംതൃപ്തരാണ്. ഏത് സമയവും സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ഒന്നിച്ച് പോവുക എന്ന സമീപനമാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടെയാണ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപം കൊള്ളുന്നത്. എട്ട് ജില്ലകളില്‍ നിന്നുള്ള ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമന്നാണ് നിര്‍മ്മലിന്റെയും കൂട്ടരുടേയും അവകാശവാദം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരലംഘനത്തിന് എതിരായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ സ്വീകരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും. പിന്നീട് നവോഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചപ്പോഴും മുന്‍നിരയില്‍ നിന്നത് വെള്ളാപ്പള്ളിയായിരുന്നു. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനായി വെള്ളാപ്പള്ളിയെ യോഗം തീരുമാനിച്ചു. വനിതാ മതില്‍ സംഘടിപ്പിച്ചതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ തിരിച്ചും സഹായങ്ങള്‍ നല്‍കി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിനായി അനുവദിച്ച നാല് കോടി രൂപ വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യുപകാരമായാണ് കണക്കാക്കപ്പെട്ടത്. ക്ഷേത്രത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രി നേരിട്ടെത്തി. വെള്ളാപ്പള്ളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മടങ്ങിയത്.
ഇതിന് പിന്നാലെയാണ് ബിഡിജെഎസ് പിളര്‍പ്പ് തീരുമാനം വരുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോവാതെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം എന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍എസ്എസ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എല്‍ഡിഎഫിന് പ്രധാനമാണ്. ബിഡിജെഎസ് ഡെമോക്രാറ്റിക് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
Leave a Reply