ഇന്ത്യയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ നിയമത്തിനെതിരെ കനത്ത പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. പല ഭാഗത്തും പ്രതിഷേധക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും കാരണമായ പ്രതിഷേധം കടല്‍ കടന്ന് യുകെയിലും എത്തി. പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നിലവില്‍ വന്ന പുതിയ നിയമം ഫലത്തില്‍ ജനങ്ങളുടെ ആഹാര നിയന്ത്രണത്തില്‍ എത്തിച്ചേരും എന്നതിനാലാണ് പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ചത്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ആണ് ഈ നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തി കേരളത്തിലെ ഇടതു വലതു സംഘടനകള്‍ രംഗത്തുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അതിര് കടക്കുകയും ചെയ്തു. ഗോവധ നിരോധനത്തിന്റെ ഭാഗമായി ബീഫ് കിട്ടതാവുന്നതാണ് ബീഫ് ഇഷ്ട ഭക്ഷണമായ മലയാളികളില്‍ ഭൂരിപക്ഷത്തെയും ഏറ്റവുമധികം ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധം കൂടുതലും മലയാളികള്‍ ആണ് ഉയര്‍ത്തുന്നതും.
എന്തായാലും പ്രതിഷേധം യുകെ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി യുകെയിലെ ഒരു സംഘം ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒന്ന് ചേര്‍ന്ന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. യുകെയില്‍ പൂള്‍ എന്ന സ്ഥലത്ത് ആണ് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരിക്കുന്നത്. ജിബു കൂര്‍പ്പള്ളി, പോളി മഞ്ഞൂരാന്‍, പ്രസാദ് ഒഴാക്കല്‍, നോബിള്‍ മാത്യു, ജിജു നായര്‍, റെജി കുഞ്ഞാപ്പി, ലീന മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ബീഫ് ഫെസ്റ്റ് അരങ്ങേറിയത്. ഇത്തരം കരിനിയമങ്ങള്‍ കൊണ്ട് വരുന്നതില്‍ നിന്നും ഇന്ത്യന്‍ ഗവണ്മെന്റ് പിന്‍വാങ്ങണമെന്ന് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ വിവിധ കോടതികള്‍ ഈ നിയമത്തെ കുറിച്ച് വ്യത്യസ്തങ്ങളായ വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടിരിക്കുക കൂടി ചെയ്യുന്ന അവസ്ഥയില്‍ ഇത്തരം പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റം നോക്കി നില്‍ക്കാന്‍ യുകെയിലെ ഇടതു പക്ഷ സഹയാത്രികര്‍ക്ക് കഴിയില്ലെന്നും പ്രതിഷേധക്കാര്‍ വിലയിരുത്തി.
Leave a Reply