കശ്മീരില്‍ ഒമ്പതു വയസുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഗോസംരക്ഷകര്‍ തല്ലിച്ചതച്ചു. രീസി ജില്ലയിലെ താല്‍വാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കന്നുകാലികളെക്കൊണ്ട് ഉപജീവനം നയിക്കുന്ന നാടോടി കുടുംബത്തെയാണ് ഗോസംരക്ഷകര്‍ ആക്രമിച്ചത്. ഇരുമ്പു വടികള്‍ കൊണ്ട് കുടുംബത്തിലെ അഞ്ച് പേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം സംഘം അവരുടെ പശുക്കളേയും ആടുകളേയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
നിരവധി ഒടിവുകളേറ്റ സമ്മി എന്ന ഒമ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ തയ്യാറാക്കിയതായി പോലീസ് പറഞ്ഞു. ”ഉദംപൂര്‍ ഡിഐജിയോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും” ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ് പറഞ്ഞു. അക്രമികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി രീസി പോലീസ് പറഞ്ഞു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ലെന്ന് അക്രമത്തിനിരയായ കുടുംബം പറഞ്ഞു.”വളരെ ക്രൂരമായാണ് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചത്. ഒരു വിധത്തിലാണ് ഞങ്ങളവിടെ നിന്ന് രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന 10 വയസുള്ള മകനെ കാണാതായി. അവന്‍ ജീവനോടെയുണ്ടോയെന്ന് പോലും അറിയില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രായം ചെന്നവരേയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളെ കൊന്ന് പുഴയിലെറിയാനായിരുന്നു അവരുടെ ഉദ്ദേശ്യം” അക്രമത്തിനിരയായ നസീമ ബീഗം പറഞ്ഞു. 16 പശുക്കളെ അക്രമി സംഘം തട്ടിക്കൊണ്ടു പോയതായി നസീമ പറഞ്ഞു. കൂടെയുണ്ടായിരുന്ന പട്ടികളെപ്പോലും സംഘം കടത്തിക്കൊണ്ടുപോയതായി ഇവര്‍ പറഞ്ഞു.
Leave a Reply