വിവാഹബന്ധം വേർപെടുത്തിയതിൽ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോർത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ആർ ആശ(32)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ബിആർ രമേശി(60)നെ പോലീസ് പിടികൂടി.

ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു രമേശ് വീട്ടിൽ വെച്ച് കൃത്യം നടത്തിയത്. മകൾ മരിച്ചെന്ന് വ്യാഴാഴ്ച രാവിലെയോടെ രമേശ് തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. വീട്ടിനുള്ളിൽ തെന്നിവീണാണ് ആശയുടെ മരണം എന്നായിരുന്നു രമേശിന്റെ മൊഴി.

എന്നാൽ യുവതിയുടെ ശരീരത്തിലെ പരിക്കുകൾ പോലീസിൽ ദുരൂഹതയുണർത്തി. തുടർന്ന് രമേശിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് മകളെ താൻ കൊലപ്പെടുത്തിയത് ആണെന്ന് ഇയാൾ സമ്മതിച്ചത്.

സംഭവ സമയത്ത് രമേശിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. ഇവർ സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് 2020-ൽ ആശ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് അടുത്തിടെ ഭർത്താവുമായി പിരിഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്തിയ ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇതോടെ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി വിവാഹമോചനത്തെ ചൊല്ലി അച്ഛനും മകളും വഴക്കിട്ടു. ഇതിനിടെ ആശയെ ആക്രമിച്ച രമേശ് മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിൽ ആയതിനാൽ തന്നെ ഇവരൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. മകളെ അടിച്ചുവീഴ്ത്തിയ ശേഷം രമേശ് ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ ആശയുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടതെന്നാണ് രമേശിന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.