ഇന്നലെ രാത്രി ഇന്ത്യന്‍ സമയം എട്ട് മണിയോട് കൂടിയാണ് നടിയും സംവിധായികയുമായ സുഹാസിനി തന്‍റെ ട്വിറ്റെര്‍ ഹാന്‍ഡിലില്‍ അടിയന്തിര സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള SOS പോസ്റ്റ്‌ ചെയ്തത്.

‘വെനീസ് എയര്‍പോര്‍ട്ടിനടുത്ത് ആരെങ്കിലുമുണ്ടോ? ബെലുന്നോ എന്നയിടത്ത് വച്ച് ഞങ്ങളുടെ മകന്‍ മോഷണത്തിരയായി, അവനെ എയര്‍പോര്‍ട്ടിലെക്കെത്തിക്കാന്‍ സഹായിക്കൂ’
സുഹാസിനിയുടെ ഈ അഭ്യര്‍ത്ഥന ട്വിറ്റെറിലെ സുമനസ്സുകള്‍ ഏറ്റെടുക്കുകയും നന്ദന് സഹായം എത്തുകയും ചെയ്തു.

ഇതിനിടയില്‍, ട്വിറ്റെറിലെ സംഭാഷണങ്ങളിലെപ്പോഴോ സുഹാസിനി മകന്‍റെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തിയത് കുറച്ചു നേരം പരിഭ്രാന്തിയുണ്ടാക്കാന്‍ കാരണമായി.

sos anyone near venice airport ? can u help our son who was robbed in Belunno .he needs to reach airport pls help
— Suhasini Maniratnam (@hasinimani) August 27, 2017

‘മകന്‍ ഇപ്പോള്‍ തന്നെ വിഷമത്തിലാണ്. ദയവായി അവനെ വിളിക്കാതിരിക്കൂ. നിങ്ങളുടെ നിരന്തരമായ കോളുകള്‍ കാരണം അവന്‍റെ ഫോണ്‍ ബാറ്ററി തീര്‍ന്നു പോകാനിടയുണ്ട്.’

ഒടുവില്‍ രാത്രി വൈകിയാണ് മകന് സഹായം ലഭിച്ചുവെന്നറിയിച്ച് നന്ദി പറഞ്ഞ് കൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചത്.

‘മകന്‍ ഒരു ഹോട്ടലില്‍ സുരക്ഷിതനാണ്. ട്വിറ്റെറിലൂടെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച എല്ലവര്‍ക്കും നന്ദി.’
മണിരത്നത്തിന്റേയും സുഹാസിനിയുടെയും ഏക മകന്‍ നന്ദന്‍, യു കെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ഥിയാണ്.