ബംഗളുരു : ബംഗളുരുവില്‍ വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു. യുവതിയുടെ കാറും കത്തിച്ചു. ടാന്‍സാനിയക്കാരിയായ ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ 21കാരിയാണ് അക്രമികളുടെ ക്രൂര പീഡനത്തിന് ഇരയായത്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം.
ഞായറാഴ്ച രാത്രി ഹെസറഘട്ട സ്വദേശി ടാന്‍സാനിയന്‍ യുവതിയുടെ കാര്‍ ഇടിച്ച് മരിച്ചുവെന്ന് ആരോപിച്ചായിരുന്നു പീഡനം. അതേ സമയം ഇടിച്ച കാര്‍ ആയിരുന്നില്ല യുവതിയുടേത്. സുഡാന്‍ പൗരന്മാര്‍ സഞ്ചരിച്ച കാര്‍ ആയിരുന്നു യുവാവിനെ ഇടിച്ച് വീഴ്ത്തിയത്. സംഭവം നടന്നതിന് അരമണിക്കൂറിന് ശേഷമായിരുന്നു യുവതിയുടെ കാര്‍ എത്തിയത്. ഹാസര്‍ഘട്ട സംഭവവുമായി ഇവര്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല.

നാല് സുഹൃത്തുക്കളോടൊപ്പം വാഗണ്‍ ആര്‍ കാറില്‍ വരുകയായിരുന്നു യുവതിയെ പെട്ടെന്ന് ആള്‍ക്കൂട്ടം കാര്‍ തടയുകയും യുവതിയെ ബലമായി പുറത്തേയ്ക്ക് വലിച്ചിടുകയും ചെയ്തു. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാന്‍ തുടങ്ങിയപ്പോള്‍ ടി ഷര്‍ട്ട് കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച യുവാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ബസിലെ യാത്രക്കാര്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് തള്ളിയിടുകയും ചെയ്തു.

കാറിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍, എ.ടി.എം കാര്‍ഡുകള്‍ എന്നിവയും പണവും മറ്റ് രേഖകളും കത്തിനശിച്ചു. ഇവരുടെ ഫോണ്‍ മോഷ്ടിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പണില്ലാത്തതിനാല്‍ ആശുപത്രിയിലും പരിക്കേറ്റ് ഇവര്‍ക്ക് ചികിത്സ നിഷേധിയ്ക്കപ്പെട്ടു. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.

ഹാസര്‍ഘട്ട അപകടത്തിന് ഉത്തരവാദിയായ സുഡാന്‍ സംഘത്തെ കുറിച്ച് വിവരം നല്‍കിയാല്‍ മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യൂ എന്ന നിലപാടിലായിരുന്നു പൊലിസ്. സംഭവത്തില്‍ ന്യൂഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി നടുക്കവും ആശങ്കയും രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് ടാന്‍സാനിയ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഓള്‍ ആഫ്രിക്കന്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നിയമ ഉപദേഷ്ടാവായ ബോസ്‌കോ കവീസി പറഞ്ഞു.