ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ രാത്രി ഉറക്കത്തിൽ ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം (41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ബിനോയിയുടെ ഭാര്യ രഞ്ജി ഒരു കെയർ ഹോമിലെ കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയാണ്. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രഞ്ജി സിപിആർ നൽകി. പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സാധിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ തകരാർ സംഭവിച്ചതിന് പിന്നാലെ ഡോക്ടർമാർ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിനോയിയും കുടുംബവും യുകെയിലെത്തിയിട്ട് വെറും രണ്ട് വർഷം മാത്രമാണ് ആയിരിക്കുന്നത്. ബിനോയിയുടെ അവയവങ്ങൾ നാലു പേർക്കായി ദാനം ചെയ്യാനുള്ള ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചിട്ടുണ്ട്.

ബാസിൽഡണിന് അടുത്തുള്ള ക്ലാക്ടന്‍ ഓൺസീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും താമസിക്കുന്നത്. കരിയിലക്കുളം കുടുംബാംഗമായ തോമസ് – മേരി ദമ്പതികളുടെ മകനാണ് ബിനോയ്. പത്ത് വയസ്സുകാരിയായ മിയ, എട്ടു വയസ്സുകാരൻ ആരോൺ, നാലു വയസ്സുകാരൻ ഇവാൻ എന്നിവരാണ് മക്കൾ.

ബിനോയ് തോമസിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.