സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ : മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ നടന്ന എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തിയ രണ്ടായിരത്തോളം വരുന്ന യുകെ മലയാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്ന സംഘാടകര്‍ സമയക്ലിപ്തത കൃത്യമായി പാലിക്കുന്നതിലും കണിശത പാലിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മാത്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോഴും ഏറ്റവും മികച്ച കലാരൂപങ്ങള്‍ സ്റ്റേജിലെത്തിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്നതിലും അവാര്‍ഡ് നൈറ്റ് വേദി മാതൃകയായി.
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മലയാളി ബിസിനസ് സംരംഭകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡിന് അര്‍ഹനായത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറും, ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയും ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു മലയാളം യുകെ എക്സല്‍ അവാര്‍ഡ്. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
അഡ്വ. സുഭാഷ മാനുവലിന് മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്. ഭാര്യ ഡെന്നുവിനും മകള്‍ക്കുമൊപ്പം നോര്‍ത്താംപ്ടനില്‍ ആണ് സുഭാഷ് താമസിക്കുന്നത്.
പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി യുകെയിലെത്തിയ മലയാളികള്‍ ഏറ്റവുമധികം മിസ്സ് ചെയ്ത ഒരു കാര്യം മലയാളത്തിലുള്ള റേഡിയോ പ്രോഗ്രാമുകളാണ്. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ ആയിരുന്ന മലയാളികള്‍ക്ക് യുകെയിലെത്തിയപ്പോള്‍ മലയാളം റേഡിയോ പ്രോഗ്രാമുകള്‍ ഒന്നും കേള്‍ക്കാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. നാട്ടില്‍ മലയാളം റേഡിയോ ചാനലുകള്‍ നിരവധി പൊട്ടി മുളച്ചപ്പോഴും യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു റേഡിയോ ചാനല്‍ അപ്പോഴും അകലെ തന്നെ ആയിരുന്നു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടയത് ജെറിഷ് കുര്യന്‍റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളം റേഡിയോ ആരംഭിച്ചതോട് കൂടിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ സംപ്രേഷണവും ഒക്കെയായി ലണ്ടന്‍ മലയാളം റേഡിയോ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഇന്നിപ്പോള്‍ വിശ്രമ വേളകളിലും യാത്രാ സമയങ്ങളിലും ഒക്കെ ലണ്ടന്‍ മലയാളം റേഡിയോയിലെ കര്‍ണ്ണാനന്ദകരമായ പരിപാടികള്‍ ശ്രവിക്കാത്ത ഒരു യുകെ മലയാളിയും ഇല്ല എന്ന് തന്നെ പറയാം.
ജെറിഷ് കുര്യനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. യുകെയില്‍ ലെസ്റ്ററില്‍ താമസിക്കുന്ന ജെറിയുടെ ഭാര്യ ആശ ജെറിഷ്. മക്കള്‍ ആഗ്നല്‍ ജെറിഷ്, ഓസ്റ്റിന്‍ ജെറിഷ്.
Also read :
Leave a Reply