മധ്യവയസ് മുതല്‍ മനുഷ്യനെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നടുവേദന. നടുവേദനയ്ക്ക് കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളാണ് പ്രധാന വില്ലന്‍. വളരെ ശക്തമായ ഘടനയുണ്ടായിട്ടും ഇതിന് പരിക്കുകള്‍ വരാന്‍ കാരണമെന്താണ്? നാം അതിനെ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നത് തന്നെയെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കനം കൂടിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവിന് ക്ഷതമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഹോയിസ്റ്റുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നു.

അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് ലിഫ്റ്റിംഗ് പരിശീലനം നല്‍കുന്നവര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഇത് കാര്യമായി ഫലപ്രദമാകില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരു സമീപനം ഇതിലുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ പേശികള്‍ ശക്തമാകണമെങ്കില്‍ ഭാരം വഹിക്കുന്നത് അവയ്ക്ക് ശീലമാകണം. നട്ടെല്ലിലെ കലകള്‍ക്കും ഇത്തരം പരിശീലനം നല്‍കിയാല്‍ സന്ധികള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവ കൂടുതല്‍ ഭാരം വഹിക്കുന്നതിന് സജ്ജമാകും. അമിതഭാരം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ആവശ്യമായ കരുത്ത് സമ്പാദിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ യുക്തിവെച്ച് ചിന്തിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാവും. ഗ്രാവിറ്റിയുടെ അഭാവത്തില്‍ ശരീരത്തിന് ഭാരമില്ലാതാകുന്നതോടെ ബഹിരാകാശ യാത്രികരില്‍ ഡിസ്‌ക് സ്വെല്ലിംഗ്, സ്‌പൈന്‍ സ്റ്റിഫ്‌നസ്, മസില്‍ വെയിസ്റ്റിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് നടുവേദന വിട്ടുമാറുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

കൃത്യമായ പ്രാക്ടീസുകള്‍ക്ക് മാത്രമെ ശരീരത്തിലെ അസ്ഥികളെയും പേശികളെയും കരുത്തുറ്റതാക്കാന്‍ പറ്റുകയുള്ളു. തയ്യാറെടുപ്പുകള്‍ നടത്താതെ ആരും മാരത്തോണില്‍ പങ്കെടുക്കാറില്ല എന്നത് പോലെ തന്നെയാണ് ഭാരം ഉയര്‍ത്തുന്ന കാര്യവും. ഒറ്റയടിക്ക് താങ്ങാവുന്നതിനപ്പുറം ഭാരമെടുത്താല്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ധരിക്കരുത്. സ്ഥിരമായി നടുവളച്ച് ഭാരമെടുക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരമെടുത്തുകൊണ്ട് ശരീരം വളയ്ക്കുന്നതും തിരിക്കുന്നതും നട്ടെല്ലിന് പരിക്കുകള്‍ വരുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.