തുടരുന്നു, ജോസഫിനും മറിയത്തിനും ഒപ്പം ബേത് ലഹമിലേക്കുള്ള യാത്ര തുടരുകയാണ്. ചില വേദഭാഗങ്ങൾ ഒന്ന് വായിച്ച് യാത്ര തുടരുന്നതാണ് നല്ലത്. ഉൽപ്പത്തി (35 : 16 – 20) ആദ്യ പുസ്തകത്തിൽ തന്നെ ബേത് ലഹേം ദുഃഖത്തിന്റെ നഗരമായാണ് വായിക്കുന്നത്. യാക്കോബും റാഹേലും തങ്ങളുടെ ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥ ബേത് ലഹേമുമായി ബന്ധപ്പെട്ടിരിക്കുന്നു. റാഹേലിനെ അവിടെവച്ച് ജനിച്ച പുത്രനെ ദുഃഖത്തിന്റെ പുത്രൻ എന്ന സെനോനിം എന്ന് പേർ വിളിക്കുന്നു രൂത്തിന്റെപുസ്തകം( 1 : 1 )ലും ഈ നഗരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ബേത് ലഹേം എന്ന വാക്കിന്റെ അർത്ഥം അപ്പത്തിന്റെ നഗരം എന്നാണെങ്കിലും ദാരിദ്ര്യം മൂലം ശൂന്യമാക്കപ്പെട്ട നഗരം ആയി മാറി. എന്നാൽ സോവാസിനൊപ്പം ( 2 : 1) റൂത്ത് നിറവിന്റെ പര്യായമായി മാറി. ദൈവകൃപയാൽ ദാവീദ് ഈ നഗരം വീണ്ടെടുത്ത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും നഗരം ആക്കി മാറ്റി ( സമൂവേൽ 23 :14-11). അതുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം ദാവീദിന്റെ പട്ടണമായ ബേത് ലഹേം എന്ന് പറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ നഗരമായാണ് മീഖാ ഈ നഗരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ( മീഖാ 5:2)

ഇപ്രകാരം നാം മനസ്സിലാക്കുമ്പോൾ പ്രത്യാശയും, പ്രബലതയും, വീണ്ടെടുപ്പും ഒക്കെയായി ഈ നഗരത്തെ കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ നാം അവിടേക്ക് പോയെ മതിയാവുകയുള്ളൂ. വേദനയും ദുഃഖവും ആണ് പ്രകടമായ ഭാവമെങ്കിലും അതിൽ നിന്നും ഉള്ള മോചനമാണ് യാത്രയിൽ നമുക്ക് ലഭിക്കുന്നത്.

അരാജകത്വവും, മറുതലിപ്പും എല്ലാ കാലങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ പിറകിലേക്ക് നോക്കുമ്പോൾ വളരെ കൂടുതൽ ഈ നാളുകളിൽ സംഭവിക്കുന്നതായി മാധ്യമങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. ചതിയും, വഞ്ചനയും, കൊലപാതകവും രഹസ്യമായി നടന്നു വന്നിരുന്ന കാര്യങ്ങളാണ് എങ്കിൽ ഇന്ന് സർവ്വസാധാരണമായി മാറി. ശിഥിലമാകുന്ന ബന്ധങ്ങൾ അതും നിസ്സാരകാര്യങ്ങൾക്ക്. സുഹൃത്ബന്ധം, കുടുംബബന്ധം ഇതൊക്കെ തോന്നുമ്പോൾ ഇട്ടേച്ച് പോകാവുന്ന കാര്യങ്ങളായി മാറി. എത്രയെത്ര സംഭവങ്ങളാണ് ഓരോ ദിനവും നാം കേൾക്കുന്നത്. ഇതൊന്നും തിരു ജനനത്തെപ്പറ്റി അറിയാത്തവരുടെ ഇടയിൽ അല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തീയജീവിതം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതമാർഗ്ഗം ആയിരുന്നു. എന്നാൽ ഇന്ന് സമ്പൽസമൃദ്ധി എന്ന് നാം വിളിക്കുന്ന ധാരാളിത്വത്തിന്റെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിൻെറയും ഉറവിടം ആക്കി നാം മാറ്റി. ഈ സാഹചര്യത്തിൽ നാം ബേത് ലഹേമിന്റെ അനുഭവത്തിൽ നമ്മുടെ കർത്താവ് ജനിച്ച സാഹചര്യം ഒന്നോർക്കുക.

സകലത്തിൻെറയും സൃഷ്ടാവ് ഒന്നുമില്ലാത്തവനായി തീരുന്നു. ജനിക്കുവാൻ പോലും സ്ഥലമില്ലാതെ വാതിലുകൾ തോറും മുട്ടുന്നു. ഈ ക്രിസ്തുമസ്സിൽ നാം ഓർക്കുക എത്ര യാചനകൾക്കാണ് നാം ചെവി കൊടുത്തിട്ടുള്ളത്. എത്ര മുട്ടലുകൾക്കാണ് നാം വാതിൽ തുറന്ന് കൊടുത്തിട്ടുള്ളത്. കർത്താവ് അരുളി ചെയ്തത് ഈ എളിയവരിൽ ഒരുവന് ചെയ്തിട്ടുള്ളത് എനിക്കാകുന്നു എന്ന് ; ആ പറഞ്ഞതിന്റെ അർത്ഥം ഇതാണ്. നാം ആ സങ്കൽപ്പത്തെ മാറ്റിമറിച്ചു. എല്ലാവർക്കും ഉള്ളത് എനിക്ക് മാത്രം എന്നാക്കി മാറ്റി. പട്ടിണിയും വേദനയും ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾക്ക് കേട്ടുകേൾവി മാത്രമായി. ജീവിതത്തിൽ സുഖവും സമ്പത്തും മാത്രം നാം നൽകിയാണ് അവരെ വളർത്തുന്നത്. ആയതിനാൽ അൽപം പോലും സഹിക്കുവാനോ ക്ഷമിക്കുവാനോ അവർക്ക് കഴിയുന്നില്ല. പരിപാവനമായ കുടുംബജീവിതം പോലും ഒരു വാക്കിൽ മുറിഞ്ഞു പോകുന്നു. നിസ്സാര വാക്ക് തർക്കമോ കളിയാക്കലോ മതി ഒരു ജീവൻ എടുക്കുവാനും നശിപ്പിക്കുവാനും.

ഈ യാത്ര ബേത് ലഹേമിൽ നാം തുടരുമ്പോൾ ഇന്ന് നാം അനുഭവിച്ച, അനുഭവിക്കുന്ന സന്തോഷം തരുവാൻ ദൈവമാതാവ് അനുഭവിച്ച യാതന എത്ര വലുതാണ്. ഇല്ലായ്മയുടെ ഇരുണ്ട അവസ്ഥ ആണല്ലോ കർത്താവ് പ്രത്യാശ ആക്കിമാറ്റിയത്. തുറക്കാത്ത വാതിലുകൾ സ്വീകരിക്കുന്ന കൃപയുടെ പ്രതീകമായി. കൊട്ടിയടക്കപ്പെട്ട ഇടങ്ങൾ സുരക്ഷിതത്വം എന്ന് കരുതുന്നുവെങ്കിൽ കർത്താവ് തന്റെ ജനനത്തിലൂടെ കാട്ടിത്തന്നത് തുറന്ന കാലിത്തൊഴുത്ത് അതിലും മഹത്തരമെന്ന്. ഓർക്കുക ! ഇനിയും യാത്ര ഉണ്ട്. നാം കാണുന്നതല്ല പകരം ദൈവപുത്രൻ കാട്ടി തന്നതാണ് നാം കാണേണ്ടത്. നമ്മുടെ ജീവിതം ഈ യാത്രയുടെ നല്ല അനുഭവങ്ങൾ തിരിച്ചറിഞ്ഞ് ദൈവപുത്രൻ ജനിക്കുവാനുള്ള ഇടങ്ങളായി തീരട്ടെ.

പ്രാർത്ഥനയിൽ,
ഹാപ്പി ജേക്കബ് അച്ചൻ.